തിരുവല്ല: തീരവാസികളെ ഭീതിയിലാക്കി മണിമലയാറിന്റെ തീരം വ്യാപകമായി ഇടിയുന്നു. കുറ്റൂർ പഞ്ചായത്തിന്റെ മൂന്നും നാലും വാർഡിന്റെ അതിർത്തി പ്രദേശമായ മൂലയ്ക്കൽ ഭാഗത്ത് 10 സെന്റ് സ്ഥലമാണ് കഴിഞ്ഞ ദിവസം ആറ്റിലേക്ക് ഇടിഞ്ഞുവീണത്. പുഴയോരം അല്ലാട്ടുപറമ്പിൽ ജയശങ്കറിന്റെ ഭൂമിയാണ് നഷ്ടപ്പെട്ടത്. കരിങ്കൽ സംരക്ഷണഭിത്തി ഉണ്ടായിരുന്ന ഈ സ്ഥലത്ത് വലിയ മരങ്ങളും ഉണ്ടായിരുന്നു. ഇവയെല്ലാം പൂർണമായി ആറ്റിലേക്ക് വീണു. ആറിനോട് ചേർന്ന് കാർഷിക ആവശ്യത്തിനായുള്ള മൈനർ ഇറിഗേഷന്റെ ജലസേചന കനാലും ഏതുനിമിഷവും ആറ്റിൽ വീഴുമെന്ന അവസ്ഥയിലാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് സമീപത്തെ വടക്കേപറമ്പിൽ മനോഹരന്റെ 50 അടി താഴ്ചയുള്ള കിണർ പൂർണമായും ഇടിഞ്ഞുതാഴ്ന്നുപോയിരുന്നു. മുമ്പ് മഴക്കാലത്ത് വെള്ളപ്പൊക്കത്തിൽ പലഭാഗങ്ങളിലും തീരം ഇടിഞ്ഞ് വേനൽക്കാലത്ത് തിട്ടയിടിച്ചിൽ അപൂർവമാണെങ്കിലും വേനൽക്കാലത്ത് ചുരുക്കമാണ്. മുൻകാലങ്ങളിൽ മഴക്കാലത്ത് വെള്ളപ്പൊക്കത്തിൽ പലഭാഗങ്ങളിലും തീരം ഇടിഞ്ഞ് വീടുകൾക്ക് വരെ ഭീഷണി ഉണ്ടായിട്ടുണ്ട്. കാലവർഷം വീണ്ടും എത്തുമ്പോൾ തീരപ്രദേശം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രദേശത്ത് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
---------------------
കുറ്റൂർ പഞ്ചായത്തിലെ മണിമലയാറിന്റെ തീരം ഇടിയുന്നതിനെക്കുറിച്ച് വിശദമായ പരിശോധന നടത്തി അധികൃതർ അടിയന്തര പരിഹാരം കാണണം
വി.ആർ രാജേഷ്
(പ്രദേശവാസി, പൊതുപ്രവർത്തകൻ)
---------------------
10 സെന്റ് സ്ഥലം ആറ്റിൽ പതിച്ചു