
പത്തനംതിട്ട: തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവവും ഭയരഹിതവുമായ രീതിയിൽ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ജില്ലയിൽ പൂർത്തിയായെന്ന് പൊലീസ് മേധാവി വി. അജിത്ത് പറഞ്ഞു.
ജില്ലയിൽ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. 11 ഡിവൈ എസ് പിമാർ, 30 സർക്കിൾ ഇൻസ്‌പെക്ടർമാർ, 230 സബ് ഇൻസ്‌പെക്ടർമാർ, 1253 പൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് ജില്ലയിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ സുരക്ഷാ ഉറപ്പാക്കുന്നത്. തമിഴ്‌നാട് പൊലീസിൽ നിന്നുള്ള 80 ഉദ്യോഗസ്ഥരും സെൻട്രൽ പാരാമിലിറ്ററി ഫോഴ്‌സിലെ 24 ഉദ്യോഗസ്ഥരെയും എക്‌സൈസ്, ഫോറസ്റ്റ്, ഫയർ ഫോഴ്‌സ്, സ്‌പെഷ്യൽ പൊലീസ് ഫോഴ്‌സ്, ഹോം ഗാർഡ് ഉദ്യോഗസ്ഥരെയും ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്. വനമേഖലയിലെ ബൂത്തുകളിൽ പ്രത്യേക സുരക്ഷാ സന്നാഹങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ക്രമസമാധന പാലനത്തിനും ബൂത്തുകൾക്കും സ്‌ട്രോംഗ് റൂമുകൾക്കും കാവൽ നിൽക്കുന്നതിനും സി.ആർ.പി.എഫിനേയും ഉപയോഗിക്കുന്നുണ്ട്.
എല്ലാ ബൂത്തുകളിലും ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യം ഉറപ്പാക്കിയിട്ടുണ്ട്. പ്രശ്‌ന സാദ്ധ്യതയുള്ള ബൂത്തുകളിലും വൾണറബിൾ ബൂത്തുകളിലും കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. വോട്ടെടുപ്പ് കഴിയും വരെ ജാഗ്രത പാലിക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ചുമതലക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടുവീതം പെട്രോൾ സംഘങ്ങളുണ്ടാവും. ജില്ലാ പൊലീസ് മേധാവിയുടെ പെട്രോൾ സംഘവും തിരഞ്ഞെടുപ്പ് ജോലികളിലുണ്ടാവും. വോട്ടിംഗ് യന്ത്രങ്ങൾ വിതരണകേന്ദ്രത്തിൽ നിന്ന് ബൂത്തുകളിലേക്കും, തിരിച്ച് വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കും കൊണ്ടുപോകുന്നതിനും ആവശ്യമായ പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മോക് പോൾ രാവിലെ അഞ്ചരയ്ക്ക്
പത്തനംതിട്ട: പോളിംഗ് ബൂത്തുകളിൽ നാളെ രാവിലെ 5.30 ന് മോക് പോൾ നടക്കും. പോളിംഗ് ഏജന്റുമാർ രാവിലെ 5.30 ന് മുൻപായി ബൂത്തുകളിലെത്തണം. രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടിംഗ്. ബൂത്തുകളിലെ ക്രമീകരണങ്ങൾ പൂർത്തിയായി. വൈകുന്നേരം ആറുവരെ വരിയിൽ എത്തിയവർക്ക് സ്ലിപ്പ് നൽകി സമ്മതിദാനാവകാശം രേഖപ്പെടുത്താനാകും. പോളിംഗിനുശേഷം വോട്ടിംഗ് മെഷീനുകൾ അതാതു വിതരണ സ്വീകരണ കേന്ദ്രത്തിൽ നിന്ന് വോട്ടെണ്ണൽ കേന്ദ്രമായ ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിൽ എത്തിച്ച് പ്രത്യേകം സജ്ജീകരിച്ച സ്ട്രോംങ് റൂമുകളിൽ സൂക്ഷിക്കും. ജൂണ് നാലിന് സ്കൂളിൽ ഓരോ മണ്ഡലത്തിനും പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ടേബിളുകളിൽ വോട്ടെണ്ണൽ നടക്കും.