bombu

തിരുവൻവണ്ടൂർ : ബി.ജെ.പി പ്രാദേശിക നേതാവിന്റെ വീടിന്റെ ടെറസിൽ കണ്ടെത്തിയ സ്ഫോടക വസ്തു പൊലീസെത്തി നിർവീര്യമാക്കി. ബി.ജെ.പി ബൂത്ത് പ്രസിഡന്റ് വനവാതുക്കര ചിറക്കര ശ്രീരാജിന്റെ വീട്ടിലാണ് ഇന്നലെ രാവിലെ ബോൾ ഐസ് ക്രീമിന്റെ ആകൃതിയിലുള്ള സ്ഫോടക വസ്തു കണ്ടെത്തിയത്. തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു. പുറത്തേയ്ക്ക് മൂന്ന് തിരികൾ ഉണ്ടായിരുന്നതിനാൽ സംശയം തോന്നി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ചെങ്ങന്നൂർ പൊലീസ് എത്തി സമീപത്തെ പുരയിടത്തിന്റെ ഒഴിഞ്ഞ ഭാഗത്താക്കി സംരക്ഷണവലയം തീർത്തു. ആലപ്പുഴയിൽ നിന്ന് എസ്.ഐ ഇ.മൈക്കിളിന്റെ നേതൃത്വത്തിലുള്ള ബോംബ് സ്‌ക്വാഡ് എത്തി നിർവീര്യമാക്കി. അലൂമിനിയം നിറത്തിലുള്ള വെടിമരുന്നിനൊപ്പം ചെറിയ മുത്തുവലിപ്പമുള്ള ബോളുകളും ഉണ്ടായിരുന്നു. മുൻ ചെങ്ങന്നൂർ ബ്ലോക്ക് അംഗവും തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തംഗവുമാണ് ശ്രീരാജിന്റെ മാതാവ് സാവിത്രിയമ്മ. ചെങ്ങന്നൂർ സി.ഐ ദേവരാജ്.സി, എസ്.ഐമാരായ വിനോജ്.എ, അസീസ് ,സി.പി.ഒ മാരായ കെ.ഇ.അഷ്റഫ്ദീൻ, ജിൻസൻ വർഗീസ്, സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ അരുൺകുമാർ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ സുരേഷ്.എസ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.