അടൂർ : മുദ്രാവാക്യങ്ങളും, കൊടിതോരണങ്ങളും, അനൗൺസ്മെന്റും, ആർപ്പുവിളികളുമായി അടൂരിലെ കലാശക്കൊട്ട് സമാപിച്ചു . മൂന്ന് മുന്നണിയുടെയും പ്രവർത്തകർ വർദ്ധിച്ച ആവേശത്തോടെയാണ് കലാശക്കൊട്ടിനെ വർണാഭമാക്കിയത് . കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിലായി ഇരു വശത്തും എൽ ഡി എഫും യു ഡി എഫും അണി നിരന്നപ്പോൾ കുറച്ചുമാറി അടൂർ ടൗൺ പാലത്തിനരികിലായിരുന്നു എൻ.ഡി.എ പ്രവർത്തകർ ഉണ്ടായിരുന്നത്. അടൂർ എസ്. എച്ച്. ഒ. ആർ രാജീവിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. ആറ് മണിയോടെ പൊലീസിന്റെ വിസിലിനോടൊപ്പം മഴ കൂടി തകർത്ത് പെയ്തതോടെ പ്രചാരണച്ചൂടിൽ നിന്നും മനസും ശരീരവും തണുപ്പിച്ച് ആവേശം ചോരാതെതന്നെ മൂന്ന് മുന്നണികളുടെയും പ്രവർത്തകർ പിരിഞ്ഞു.