
പ്രമാടം: കുമ്പഴ - പൂങ്കാവ് റോഡിരികിൽ ഇരപ്പുകുഴി ജംഗ്ഷനും പൂവക്കാടിനും ഇടയിൽ മാസങ്ങളായി കെട്ടിക്കിടന്ന മാലിന്യം നീക്കംചെയ്തു. മാലിന്യം കെട്ടിക്കിടക്കുന്നതിനെക്കുറിച്ച് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് ഗ്രാമഞ്ചായത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ ഇവിടം വൃത്തിയാക്കിയത്.തിരക്കേറിയ റോഡായതിനാൽ വാഹനങ്ങൾ കയറിയിറങ്ങിയും പക്ഷികളും മറ്റും കൊത്തിവലിച്ചും മാലിന്യം റോഡിലേക്ക് ചിതറിക്കിടകുകയായിരുന്നു. ദുർഗന്ധം കാരണം സമീപ വീടുകളിലുള്ളവർക്ക് ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. പത്തനംതിട്ടയിൽ നിന്നും കോന്നിൽ നിന്നും വരെ ആളുകൾ പൂങ്കാവ് കേന്ദ്രീകരിച്ച് മാലിന്യം തള്ളുന്നുണ്ട്.