
പത്തനംതിട്ട: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോളിംഗ് ഓഫീസർമാരുടെ ബൂത്ത് വിവരം ഉൾപ്പെടെയുള്ള പട്ടിക രണ്ടുദിവസം മുമ്പ് ചോർന്ന സംഭവത്തിൽ പത്തനംതിട്ടയിൽ താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ചോർന്ന പട്ടികയിലെ 250പേർ ഉൾപ്പെടെ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ഡ്യൂട്ടി പുന:ക്രമീകരിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന ബൂത്തുകളിൽ നിന്ന് മറ്റു ബൂത്തുകളിലേക്കാണ് മാറ്റിയത്.
കോന്നി നിയമസഭ മണ്ഡലത്തിലെ പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് ചോർന്നത്.
തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിൽ വച്ച് മാത്രമേ പട്ടിക പുറത്തുവിടാവൂ എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം. എന്നാൽ, രണ്ടുദിവസം മുമ്പുതന്നെ പട്ടിക ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു.
സംഭവത്തിൽ കോന്നി താലൂക്ക് ഓഫീസിലെ എൽ.ഡി ക്ലാർക്ക് യദുകൃഷ്ണനെയാണ് ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ സസ്പെൻഡ് ചെയ്തത്. ഇയാൾക്കും സംഭവത്തിൽ പങ്കാളികളായ മറ്ര് ഉദ്യോഗസ്ഥർക്കുമെതിരെ ക്രിമിനൽ കേസെടുക്കാൻപൊലീസിനോട് നിർദ്ദേശിച്ചു. തിരുവല്ല, ആറന്മുള, റാന്നി, കോന്നി, അടൂർ നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് ഉദ്യോഗസ്ഥരെയാണ് പുന:ക്രമീകരിച്ചത്.
പട്ടിക ഇടത് അനുകൂല സംഘടനാ നേതാക്കൾ ചോർത്തിയെന്നും ഇത് കള്ളവോട്ട് ചെയ്യാനാണെന്നും ആരോപിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയാണ് ഇന്നലെ കളക്ടർക്ക് പരാതി നൽകിയത്. കളക്ടറേറ്റിൽ അദ്ദേഹം കുത്തിയിരിപ്പ് സമരവും നടത്തി. പരാതി പരിശോധിക്കാൻ ഒരു മണിക്കൂർ സമയം ആവശ്യപ്പെട്ട കളക്ടർ തുടർന്ന് നടപടിയെടുക്കുകയായിരുന്നു.
ചോർത്തി വാട്സാപ്പ്
ഗ്രൂപ്പുകളിൽ അയച്ചു
ഇലക്ടറൽ രജിസ്ട്രേഷൻ ഒാഫീസർക്ക് ലഭിച്ച പട്ടിക പരിശോധനയ്ക്ക് എൽ.ഡി ക്ലാർക്കിന് നൽകിയപ്പോഴാണ് ചോർന്നത്. ഇയാൾ പട്ടിക മറ്റ് വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് അയയ്ക്കുകയായിരുന്നെന്ന് കണ്ടെത്തി. കൂടുതൽ ജീവനക്കാർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് അവർക്കെതിരെയും ക്രിമിനൽ കേസെടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പട്ടിക ചോർന്നത് ഗൗരവമേറിയ കുറ്റമാണ്.