
പത്തനംതിട്ട : പ്രചാരണത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ മുന്നണികളുടെ സ്ഥാനാർത്ഥികളിൽ ആരാകണം പത്തനംതിട്ടയുടെ എം.പിയെന്ന് വോട്ടർമാർ ഇന്ന് വിധിയെഴുതും. നിലവിലെ എം.പി യു.ഡി.എഫിന്റെ ആന്റോ ആന്റണി നാലാമതും ജനവിധി തേടുന്നു. പാർലമെന്റ് മണ്ഡലത്തിലേക്കുള്ള ആദ്യ മത്സരമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന്. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനും ബി.ജെ.പി ദേശീയ സെക്രട്ടറിയുമായ അനിൽ കെ. ആന്റണിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി.
ജില്ലയിലെ ഒട്ടേറെ ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്താണ് പ്രചാരണം അവസാനിച്ചത്. കർഷകരുടെ പ്രശ്നങ്ങളും വന്യമൃഗശല്യവും തിരഞ്ഞെടുപ്പ് വിഷയങ്ങളായി. മത, സാമുദായിക ധ്രുവീകരണം ജനവിധിയെ സ്വാധീനിക്കുമെന്നതാണ് പത്തനംതിട്ട മണ്ഡലത്തിന്റെ പ്രത്യേകത. അവസാന ലാപ്പുകളിൽ കള്ളവോട്ടു വിവാദം നിറഞ്ഞുകളിച്ചു. എങ്കിലും ജനകീയ പ്രശ്നങ്ങളാകും വിധിയെഴുത്തിനെ സ്വാധീനിക്കുകയെന്നാണ് നിരീക്ഷകർ പറയുന്നത്. വിവിധ വിഷയങ്ങളിൽ സ്ഥാനാർത്ഥികൾ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകളും വോട്ടർമാരുടെ മനസിലുണ്ട്. മണ്ഡലത്തിൽ അറുപത് ശതമാനത്തോളം ഹിന്ദു വോട്ടുകളാണെങ്കിലും ക്രിസ്ത്യൻ, മുസ്ളീം വോട്ടു ബാങ്കുകൾക്ക് നിർണായക സ്വാധീനമുണ്ട്.
ആന്റോ ആന്റണി
പ്ളസ് പോയിന്റ് : പതിനഞ്ച് വർഷം എം.പിയെന്ന നിലയിൽ ജനങ്ങളുമായുള്ള ബന്ധം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുള്ളിലുണ്ടായ എതിർപ്പ് ഇത്തവണയില്ല. റബർ കർഷകരുടെ പ്രശ്നങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ചുവെന്ന ആവകാശവാദം. എതിർ സ്ഥാനാർത്ഥികൾ ശക്തരല്ലെന്ന വിലയിരുത്തൽ. സംസ്ഥാനത്തെ ഭരണവിരുദ്ധവികാരം. ക്രൈസ്തവ സഭകളുടെ പിന്തുണ.
മൈനസ് മാർക്ക് : മണ്ഡലത്തിലുടനീളം പ്രകടമാകുന്ന എം.പി വിരുദ്ധവികാരം. ശബരിമലയെയും ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലയെയും അവഗണിച്ചു. ഗ്രാമീണ മേഖലയിൽ കോൺഗ്രസിന്റെ സംഘടനാ ദൗർബല്യം.
തോമസ് ഐസക്ക്
പ്ളസ് പോയിന്റ് : പതിനഞ്ചു വർഷം ലഭിച്ചിട്ടും ആന്റോ ആന്റണി പ്രത്യേകം പദ്ധതികൾ ഒന്നും നടപ്പാക്കിയില്ലെന്ന പ്രചാരണം. പ്രായോഗിക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനുള്ള കഴിവ്. വിജ്ഞാന പത്തനംതിട്ട പദ്ധതിയിൽ യുവാക്കൾക്ക് തൊഴിൽ ലഭിച്ചു തുടങ്ങിയത്. പാർലമെന്റിൽ നല്ല പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്ന പൊതുജനസംസാരം. പ്രചാരണത്തിലെ വ്യത്യസ്തത. അവസാന ലാപ്പിൽ ചില ക്രൈസ്തവ സമൂഹങ്ങളിൽ നിന്ന് പിന്തുണ അറിയിച്ചെന്ന അവകാശവാദം.
മൈനസ് മാർക്ക് : കിഫ്ബി ആരോപണങ്ങൾ. സംസ്ഥാനത്തെ കടക്കെണിയിലാക്കിയ മുൻ ധനമന്ത്രി എന്ന് എതിരാളികളുടെ വിമർശനം. എൽ.ഡി.എഫിന് പുറത്തുനിന്നുള്ള വോട്ടു സമാഹരണം ഉയർത്തുന്ന വെല്ലുവിളി.
അനിൽ കെ. ആന്റണി
പ്ളസ് പോയിന്റ് :
ബി.ജെ.പി ദേശീയ സെക്രട്ടറി, വക്താവ് എന്ന നിലയിൽ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന മത്സരം. വികസനത്തിന് പുതിയ ആശയങ്ങൾ വോട്ടർമാർക്ക് മുന്നിൽ അവതരിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ. സംസ്ഥാന സർക്കാരിനും എം.പിക്കുമെതിരായ ജനവികാരം. ക്രിസ്ത്യൻ വോട്ടുകളിൽ പ്രതീക്ഷ.
മൈനസ് മാർക്ക് : അച്ഛൻ എ.കെ.ആന്റണിയെ വിമർശിച്ചപ്പോൾ പക്വത കാട്ടിയില്ലെന്ന വിമർശനം. ബി.ജെ.പിയുടെ സംഘടനാ ദൗർബല്യം. പൊതു തിരഞ്ഞെടുപ്പിലെ പരിചയമില്ലായ്മ.