പത്തനംതിട്ട: വോട്ടെടുപ്പിനായി ബൂത്തുകളിലേക്ക് ഉദ്യോഗസ്ഥർ കൊണ്ടുപോയത് വോട്ടിംഗ് യന്ത്രങ്ങൾ മുതൽ മൊട്ടുസൂചിവരെ. വിവിധയിനം പോസ്റ്ററുകൾ, കവറുകൾ, ഫാറങ്ങൾ, എൽഇഡി ബൾബ് വരെ ഇതിലുൾപ്പെടും. ആകെ 195 ഓളം ഇനങ്ങൾ ഉൾപ്പെടുന്ന ബാഗുകളാണ് ഒരോ ബൂത്തിനുമുള്ള പ്രിസൈഡിംഗ് ഓഫീസർ ഏറ്റുവാങ്ങിയത്. തനിക്കൊപ്പമുള്ള മൂന്നു ജീവനക്കരേയും കൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻതന്നെ നൽകിയിട്ടുള്ള ചെക്ക് ലിസ്റ്റുമായി പ്രിസൈഡിംഗ് ഓഫീസർ ഇത് ഒത്തുനോക്കിയശേഷമാണ് ബൂത്തുകളിലേക്ക് പോകാനായി ബസുകളിലേക്ക് മാറ്റിയത്.
വോട്ടിംഗ് യന്ത്രം, കൺട്രോൾ യൂണിറ്റ് വിവിപാറ്റ്, വോട്ടർമാരുടെ രജിസ്റ്റർ, വേട്ടേഴ്‌സ് സ്ലിപ്പുകൾ, വോട്ടർ പട്ടിക (മാർക്ക്ഡ് കോപ്പിയും വർക്കിംഗ് കോപ്പിയും), സ്ഥാനാർത്ഥി പട്ടിക, ടെൻഡർ വോട്ട് ചെയ്യുന്നവർക്ക് നൽകേണ്ട ബാലറ്റ് പേപ്പർ, സ്ഥാനാർത്ഥിയുടെയും ഏജന്റിന്റെയും ഒപ്പിന്റെ പകർപ്പ്, കൈവിരലിൽ അടയാളമിടുന്നതിനുള്ള മഷി, വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും സീൽ ചെയുന്നതിനുള്ള ടാഗ്, സ്‌പെഷ്യൽ ടാഗ്, സ്ട്രിപ് സീൽ, ഇവിഎമ്മിനുള്ള ഗ്രീൻ സീൽ, വിവിധ ആവശ്യങ്ങൾക്കുള്ള റബർ സീലുകൾ, സ്റ്റാംപ് പാഡ്, മെറ്റൽ സീൽ, തീപ്പെട്ടി, പ്രിസൈഡിംഗ് ഓഫീസർക്കുള്ള ഡയറി, വിവിധതരം വോട്ടുകൾ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള കടലാസുകൾ, ചലഞ്ച് വോട്ട് ഫീസിനുള്ള രസീത് ബുക്ക്, വിസിറ്റ് ഷീറ്റ്, വിവിധ സത്യവാങ്മൂലങ്ങൾ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്താനുള്ള കടലാസുകൾ, പോളിംഗ് ഏജന്റുമാർക്കുള്ള പ്രവേശന പാസുകൾ തുടങ്ങിയവ ഈ പട്ടികയിലുണ്ട്.
വിവിധതരം എൻവലപ്പുകളാണ് മറ്റൊരു പ്രത്യേകത. എല്ലാ രേഖകളും പ്രത്യേകം എൻവലപ്പുകളിൽ സൂക്ഷിക്കണമെന്നതിനാൽ ചെറുതും വലുതുമായി 25 തരം എൻവലപ്പുകളാണ് പ്രിസൈഡിംഗ് ഓഫീസർ ഏറ്റുവാങ്ങുന്നത്. ഉപയോഗിക്കാത്തതും കേടുപറ്റിയതുമായ സീലുകളും ടാഗുകളും സൂക്ഷിക്കാൻവരെ വെവ്വേറെ കവറുകളുണ്ട്. ഇതിനൊപ്പം പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, എൻട്രി, എക്‌സിറ്റ്, പോളിംഗ് ഏജന്റ് എന്നിങ്ങനെയുള്ള സൈൻബോർഡുകളും ഈ പട്ടികയിൽ വരുന്നുണ്ട്.
സ്റ്റേഷനറിയുടെ കവറിനുള്ളിൽ 19 സാമഗ്രികളാണുള്ളത്. പെൻസിൽ, ബോൾ പെൻ, വെള്ളപേപ്പർ, മൊട്ടുസൂചി... അങ്ങനെ പോകുന്നു ഈ ലിസ്റ്റ്. സീൽ ചെയ്യുന്നതിനുള്ള മെഴുക്, പശ, ബ്ലെയ്ഡ്, മെഴുകുതിരി, ട്വൊയിൻനൂൽ, ഇരുമ്പിലുള്ള സ്‌കെയിൽ, കാർബൺ പേപ്പർ, എണ്ണയോ അതുപോലുള്ള അഴുക്കോ നീക്കുന്നതിന് ആവശ്യമായ തുണി, പാക്ക് ചെയ്യുന്നതിനുള്ള പേപ്പറുകൾ, സെലേടേപ്പ്, റബർബാൻഡ്, ഡ്രായിംഗ് പിൻ എന്നിവയും പ്രിസൈഡിംഗ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി ബൂത്തുകളിലേക്ക് കൊണ്ടുപോയി