കോന്നി: ജില്ലയിൽ തിരഞ്ഞെടുപ്പ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ ആദ്യം പുറപ്പെടുന്ന പോളിംഗ് സ്റ്റേഷനായ അരുവാപ്പുലം പഞ്ചായത്തിലെ വനാന്തരത്തിലെ ആവണിപ്പാറ ആദിവാസി കോളനിയിലേക്ക് ഇത്തവണയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ നേരത്തെ എത്തി. അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പ് കുറവായതിനാൽ ആറ്റിലൂടെ നടന്നാണ് ഉദ്യോഗസ്ഥർ പോളിംഗ് സാമഗ്രികളുമായി ആവണിപ്പാറ ആദിവാസി കോളനിയിലെ ബൂത്തിൽ എത്തിയത്. കോളനിയിലെ 29 -ാം നമ്പർ അങ്കണവാടിയാണ് ഇത്തവണയും പോളിംഗ് സ്റ്റേഷൻ. അച്ചൻകോവിൽ - കോന്നി കാനനപാതയിലൂടെ വേണം ആവണിപ്പാറയിലെത്താൻ. ഇവിടെ ബസ് സർവീസ് ഇല്ല. നിയമസഭ, പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ ആവണിപ്പാറയിൽ പോളിംഗ് സ്റ്റേഷനുണ്ട്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കല്ലേലി തോട്ടത്തിലെ റിക്രിയേഷൻ ക്ലബാണ് പോളിംഗ് സ്റ്റേഷൻ.