വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
1. സമ്മതിദായകൻ പോളിംഗ് ബൂത്തിലെത്തുന്നു
2. ഒന്നാം പോളിംഗ് ഓഫീസർ വോട്ടർ പട്ടികയിലെ പേരും വോട്ടർ കാണിക്കുന്ന തിരിച്ചറിയൽ രേഖയും പരിശോധിക്കും
3. രണ്ടാം പോളിങ് ഓഫീസർ വോട്ടറുടെ ഇടതുകൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുകയും സ്ലിപ് നൽകുകയും ഒപ്പിടുവിക്കുകയും ചെയ്യുന്നു
4. മൂന്നാം പോളിങ് ഓഫീസർ സ്ലിപ് സ്വീകരിച്ച് വോട്ടറുടെ വിരലിലെ മഷി അടയാളം പരിശോധിക്കുന്നു.
5. വോട്ടർ വോട്ടിങ് നടത്തുന്നതിനുള്ള കമ്പാർട്ടുമെന്റിൽ എത്തുന്നു. മൂന്നാം പോളിങ് ഓഫീസർ ബാലറ്റ് യൂണിറ്റ് വോട്ടിംഗിന് സജ്ജമാക്കുന്നു. ബാലറ്റ് യൂണിറ്റിലെ റെഡി ലൈറ്റ് പ്രകാശിക്കുന്നു. ശേഷം വോട്ടർ താൽപര്യമുള്ള സ്ഥാനാർഥിക്ക് നേരെയുള്ള ഇവിഎമ്മിലെ നീല ബട്ടൺ അമർത്തുന്നു. സ്ഥാനാർഥിയുടെ പേരിന് നേരേയുള്ള ചുവന്ന ലൈറ്റ് പ്രകാശിക്കുന്നു. ഉടൻ തന്നെ തെരഞ്ഞെടുത്ത സ്ഥാനാർഥിയുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് സ്ലിപ്പ് വിവിപാറ്റ് യന്ത്രം പ്രിന്റ് ചെയ്യുകയും ഏഴ് സെക്കൻഡ് പ്രദർശിപ്പിക്കുകയും ചെയ്യുന്നു. കൺട്രോൾ യൂണിറ്റിൽ നിന്നുള്ള ബീപ് ശബ്ദം വോട്ട് രേഖപ്പെടുത്തി എന്ന് ഉറപ്പുവരുത്തുന്നു.
6.വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫീസറെ ബന്ധപ്പെടുക. വോട്ട് ചെയ്ത ശേഷം പ്രിന്റ് ചെയ്ത സ്ലിപ് തുടർന്ന് വിവിപാറ്റ് യന്ത്രത്തിൽ സുരക്ഷിതമായിരിക്കും.
പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ ആദ്യമായി വോട്ടവകാശം വിനിയോഗിക്കുന്നത് 18,087 പേരാണ്. 1819 വയസുകാരായ 9,254 ആൺകുട്ടികളും 8,833 പെൺകുട്ടികളുമാണ് ഇതിൽ ഉൾപ്പെടുന്നത്.
തിരഞ്ഞെടുപ്പു ദിനത്തിലെ നിബന്ധനകൾ
തെരഞ്ഞെടുപ്പ് ദിവസം സ്ഥാനാർഥി, ഇലക്ഷൻ ഏജന്റ് എന്നിവർക്ക് വരണാധികാരിയുടെ അനുമതിയോടെ ഓരോ വാഹനങ്ങൾ മണ്ഡലത്തിൽ ഉപയോഗിക്കാം. സ്ഥാനാർഥികളുടെ പാർട്ടി പ്രവർത്തകർക്ക് ഓരോ അസംബ്ലി നിയോജക മണ്ഡലത്തിലേക്കും ഓരോ വാഹനങ്ങൾ അനുമതിയോടെ ഉപയോഗിക്കാം.
ഓരോ വാഹനത്തിലും ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേരെ മാത്രമേ അനുവദിക്കൂ. സ്ഥാനാർഥി മണ്ഡലത്തിൽ ഹാജരല്ലെങ്കിൽ സ്ഥാനാർഥിക്ക് അനുവദിച്ച വാഹനം മറ്റാരും ഉപയോഗിക്കരുത്. വരണാധികാരി നൽകുന്ന പെർമിറ്റ് വാഹനത്തിന്റെ വിൻഡ് സ്‌ക്രീനിൽ പതിപ്പിക്കണം. അനുവദിച്ചിട്ടുളള വാഹനങ്ങളിൽ വോട്ടർമാരെ തെരഞ്ഞെടുപ്പ് കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിനോ കൊണ്ടുപോകുന്നതിനോ ഉപയോഗിക്കരുത്.
തെരഞ്ഞെടുപ്പുദിവസം അനുവദിക്കപ്പെട്ട വാഹനങ്ങൾ ഒഴികെ മറ്റ് വാഹനങ്ങൾ തെരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിക്കരുത്. അനുമതി കൂടാതെ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഉടമകൾക്കെതിരെ മോട്ടോർ വാഹനനിയമപ്രകാരം നടപടി സ്വീകരിക്കും.
സ്വകാര്യ വാഹനങ്ങളിൽ ഉടമസ്ഥർക്കോ കുടുംബാംഗങ്ങൾക്കോ പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാൻ പോകുന്നതിൽ തടസമില്ല. സ്വകാര്യ വാഹനങ്ങൾ വോട്ടെടുപ്പുകേന്ദ്രത്തിന്റെ 200 മീറ്റർ ചുറ്റളവിൽ പ്രവേശിക്കാൻ പാടില്ല. പോളിംഗ് സ്റ്റേഷന്റെ 100 മീറ്റർ പരിധിക്കുള്ളിൽ പൊതു, സ്വകാര്യസ്ഥലത്ത് വോട്ടർമാരെ സ്വാധീനിക്കുന്ന പ്രവർത്തികളോ, പോസ്റ്ററുകളോ ബാനറുകളോ അനുവദിക്കുന്നതല്ല. പോളിംഗ് സ്റ്റേഷന്റെ 100 മീറ്റർ പരിധിക്കുള്ളിൽ മൊബൈൽഫോൺ, കോഡ്‌ലസ് ഫോൺ എന്നിവ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരല്ലാതെ മറ്റാരും ഉപയോഗിക്കാൻ പാടില്ല. വോട്ടേഴ്‌സ് സ്ലിപ്പുകളിൽ സ്ഥാനാർഥിയുടെ പേരോ ചിഹ്നമോ, പാർട്ടിയുടെ പേരോ ഉപയോഗിക്കരുത്.
പോളിംഗ് സമയത്ത് പോളിംഗ് ബൂത്തുകൾക്കുള്ളിൽ പോളിംഗ് ഉദ്യോഗസ്ഥർ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യേണ്ടതും ആവശ്യമെങ്കിൽ ബൂത്തിനു പുറത്തുപോയി സംസാരിക്കേണ്ടതുമാണ്. പോളിംഗ് ദിവസം പോളിംഗ് ബൂത്തുകളുടെ പുറത്ത് ബൂത്ത് ലെവൽ ഓഫീസർമാർക്ക് മൊബൈൽഫോൺ, വോട്ടർപട്ടിക, വോട്ടർ സ്ലിപ്പ് എന്നിവ സഹിതം വോട്ടർ അസിസ്റ്റൻസ് ബൂത്തുകളിൽ നിലകൊള്ളാം. പോളിംഗ് സ്റ്റേഷന്റെ 100 മീറ്റർ പരിധിക്കുള്ളിൽ ലൗഡ്‌സ്പീക്കർ, മെഗാഫോൺ എന്നിവയുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. റെക്കോഡ് ചെയ്ത ശബ്ദങ്ങളോ ആംപ്ലിഫയറുകളോ ഉപയോഗിച്ചാൽ അത്തരം ഉപകരണങ്ങൾ കസ്റ്റഡിയിൽ എടുക്കും.ഉച്ചത്തിൽ പ്രഭാഷണം നടത്തിയാൽ ശിക്ഷാനടപടികൾ സ്വീകരിക്കും. പോളിംഗ് സ്റ്റേഷനിൽ പ്രവേശിക്കുന്നതിന് അംഗീകൃത പാസ് കൃത്യമായി പ്രദർശിപ്പിക്കണം.