പത്തനംതിട്ട: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാതി നൽകാവുന്ന സിവിജിൽ ആപ്പ് വഴി ഇന്നലെ വരെ ലഭിച്ചത് 10,993 പരാതികൾ. ഇതിൽ ശരിയെന്നു കണ്ടെത്തിയ 10,788 പരാതികൾ പരിഹരിച്ചു. 177 പരാതികൾ കഴമ്പില്ലാത്തവയാണെന്ന് കണ്ടെത്തിയതിനാൽ ഉപേക്ഷിച്ചു. ബാക്കി പരാതികളിൽ നടപടികൾ പുരോഗമിക്കുന്നു. അനധികൃതമായി പ്രചാരണ സാമഗ്രികൾ പതിക്കൽ, പോസ്റ്ററുകൾ, ഫ്‌ളക്‌സുകൾ എന്നിവയ്‌ക്കെതിരെയാണ് കൂടുതൽ പരാതികൾ ലഭിച്ചത്.
അടൂർ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് 5795 എണ്ണം. ഇതിൽ 5759 എണ്ണം പരിഹരിച്ചു. കുറവ് റാന്നി 755. ഇതിൽ 708 എണ്ണത്തിന് പരിഹാരമായി. ആറന്മുള 1819, കോന്നി 1442, തിരുവല്ല 1178 എന്നിങ്ങനെയാണ് നിയോജകമണ്ഡല അടിസ്ഥാനത്തിൽ ലഭിച്ച പരാതികളുടെ കണക്ക്.