പത്തനംതിട്ട: വോട്ടെടുപ്പ് മന്ദഗതിയിലായതിനെതുടർന്ന് മണിക്കൂറുകൾ കാത്തുനിന്ന വോട്ടറന്മാരിൽ ചിലർ വോട്ടുചെയ്യാതെ മടങ്ങി. ആറന്മുള മണ്ഡലത്തിലെ കുളനട പഞ്ചായത്ത് ഹയർ സെക്കൻഡറി സ്ക്കൂളിലെ 158-ാം ബൂത്തിലാണ് വോട്ടെടുപ്പ് മണിക്കൂറുകൾ നീണ്ടതോടെ ജനം അക്ഷമരായി മടങ്ങിയത്. പൊളിംഗ് ആരംഭിച്ച രാവിലെ മുതൽ തന്നെ ഈ ബൂത്തിൽ വോട്ടറന്മാരുടെ നീണ്ട ക്യൂ പ്രത്യക്ഷമായി. രാവിലെ 7ന് എത്തിയ വോട്ടറന്മാർക്ക് മൂന്ന് മണിക്കൂറിലധികം കാത്തുനിന്നിട്ടും വോട്ടുചെയ്യാൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് മടങ്ങിപ്പോയ ചിലർ 11ന് തിരികെ എത്തിയപ്പോഴും വലിയ ക്യൂവായിരുന്നു. ഇതോടൊപ്പം ചൂടിന് കാഠിന്യം വർദ്ധിച്ചതും വോട്ടറന്മാരെ ദുരിതത്തിലാക്കി. ഇതെ തുടർന്നാണ് ക്യൂവിൽ നിന്ന ചിലർ വോട്ടുചെയ്യാതെ മടങ്ങിയത്. എന്നാൽ ഈ ബൂത്തിലെത്തിയ പ്രായമവരേയും ശാരീരിക വെല്ലുവിളികൾ നേരിടുന്നവരേയും ക്യൂവിൽ നിറുത്താതെ വോട്ടു ചെയ്യിപ്പിച്ചു. 158ൽ വലിയ ക്യൂ രൂപപ്പെട്ടപ്പോഴും തൊട്ടടുത്ത 159-ാം ബൂത്തിൽ വളരെ വേഗത്തിൽ വോട്ടെടുപ്പ് നടന്നതിനാൽ ക്യൂവിൽ അധിക സമയം നിൽക്കാതെ ആളുകൾക്ക് വോട്ടു ചെയ്യാൻ കഴിഞ്ഞു.