ചെങ്ങന്നൂർ : വരട്ടാർ - പുത്തൻതോട് തെക്കുംമുറിപ്പാലം പണി നാട്ടുകാർക്ക് ദുരിതമാകുന്നു. തിരുവൻവണ്ടൂർ - നന്നാട് കരകളുടെ ബന്ധം മുറിഞ്ഞിട്ട് രണ്ടു വർഷവും നാലു മാസവുമായി. മൂന്ന് മാസമായി നിറുത്തിവച്ചിരുന്ന പാലത്തിന്റെ നിർമ്മാണജോലികൾ കഴിഞ്ഞ ആഴ്ചയാണ് തുടങ്ങിയത്. അപ്രോച്ച് റോഡ് ഉയർത്തി വശങ്ങൾ കെട്ടി , പാലത്തിന് കൈവരികൾ വയയ്ക്കുന്ന പണികൾ ഇനിയും ബാക്കിയുണ്ട്. അടുത്ത ആഴ്ച പണികൾ വീണ്ടും തുടങ്ങുമെന്നാണ് കരാറുകാരൻ പറയുന്നത്. ഇനിയും മൂന്ന് മാസമെങ്കിലും ഉണ്ടെങ്കിലെ പണി പൂർത്തിയാകൂ. 2021 ഡിസംബർ 13നാണ് പഴയ പാലം പൊളിച്ചത്. തുടക്കം മുതലേ പണികൾ മന്ദഗതിയിലായിരുന്നു. മഴയും വെള്ളപ്പൊക്കവും കാരണം പണികൾ നീണ്ടുപോയി. വരട്ടാറിന് കുറുകെ നിർമ്മിച്ച താൽക്കാലിക പാലം വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയതോടെ നാട്ടുകാരുടെ യാത്രാ ദുരിതം വർദ്ധിച്ചു. 2023 ജൂലൈയിലെ വെള്ളപ്പൊക്കത്തിൽ അക്കര കടക്കാൻ പ്രദേശവാസികൾ വളരെ ബുദ്ധിമുട്ടി. പുതിയ പാലം പണിയ്ക്കായി ചിറകെട്ടിയതോടെ വരട്ടാറിൽ ഒഴുക്കും തടസപ്പെട്ടു. ഇപ്പോൾ മേൽത്തട്ട് വാർത്ത ഭാഗത്തിന്റെ അടിവശത്താണ് മണ്ണ് നിറയ്ക്കുന്ന ജോലി നടക്കുന്നത്. ആലപ്പുഴ ,പത്തനംതിട്ട ജില്ലകളിലായി വരുന്ന തിരുവൻവണ്ടൂർ -ഈരടിച്ചിറ റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി പൂർത്തീകരിക്കേണ്ട അവസാന പാലമാണിത്. തിരുവൻവണ്ടൂർ ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് തുടങ്ങി നന്നാട് - ഈരടിച്ചിറ വരെ രണ്ടര കിലോമീറ്റർ ദൂരം വരുന്ന റോഡിൽ മൂന്ന് പാലങ്ങളാണ് ഉള്ളത്. രണ്ടു പാലങ്ങൾ പൂർത്തിയായി റോഡിൽ പലയിടത്തും ടാറിംഗ് നടത്തി . 20 വർഷമായി തകർന്നു കിടന്ന റോഡ് റീബിൽസ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 5.5 കോടി ചെലവഴിച്ചാണ് നവീകരിക്കുന്നത് .

....................................................

വരട്ടാർ പുത്തൻതോട് തെക്കുമുറി പാലത്തിന്റെ പണിതീരാത്തതിൽ നാട്ടുകാർ ഏറെ ദുരിതത്തിലാണ്.

ഇന്നലെ നടന്ന ലോക്സഭ ഇലക്ഷനിൽ പാലം പണി തീരാത്തത് പ്രതിഷേധിച്ച് പലരും വോട്ട് ചെയ്തിട്ടില്ല.

(പ്രശോഭ് തിരുവൻവണ്ടൂർ)