mla-
163 - നമ്പർ ഗവ.യൂ.പി സ്കൂൾ വൈക്കം ബൂത്തിൽ റാന്നി എം എൽ ആ പ്രമോദ് നാരായണൻ വോട്ട് രേഖപ്പെടുത്താൽ എത്തിയപ്പോൾ

റാന്നി : കനത്ത ചൂടിലും റാന്നിയിൽ പോളിംഗ് പൊതുവെ സമാധാനപരം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ തർക്കം ഉണ്ടായെങ്കിലും എങ്ങും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പെരുനാട്, കുടമുരുട്ടി എന്നിവിടങ്ങളിൽ പോളിംഗ് സ്റ്റേഷന് പുറത്തു പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ചെറിയ ഉന്തും തള്ളും ഉണ്ടായതൊഴിച്ചാൽ വോട്ടെടുപ്പ്സമാധാനപരമായിരുന്നു. വടശേരിക്കര ടി.ടി.ടി.എം.വി എച്ച്.എസ്.എസിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തകരാറിലായത് മൂലം ഒന്നര മണിക്കൂറോളം പോളിംഗ് വൈകി. ഇതിനിടയിൽ വോട്ട് ചെയ്യാൻ കാത്തുനിന്ന വടശേരിക്കര ബൗണ്ടറി സ്വദേശി പുത്തൻപറമ്പിൽ അച്ചാമ്മ ജോണി (68) കുഴഞ്ഞു വീണു. ഇവരെ തിരുവല്ല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടശേരിക്കരയ്ക്കു പുറമെ റാന്നി എം.ടി.എൽ.പി സ്കൂളിലെ 74-ാം ബൂത്ത് പൂഴിക്കുന്ന് വോട്ടിംഗ് തുടങ്ങി രണ്ടു മണിക്കൂർ പിന്നിട്ടപ്പോഴേക്കും വോട്ടിംഗ് മെഷീന്‍ പണിമുടക്കി , 78 -ാം ഗവ.എൽ.പി സ്കൂൾ കരികുളത്തും വോട്ടിംഗ് മെഷീന്‍ തകരാറിലായത് പോളിംഗിനെ ബാധിച്ചു. രണ്ടു സ്ഥലത്തും ആളുകൾ ഏറെനേരം കാത്തു നിൽക്കേണ്ടതായും വന്നു. കടുത്ത വെയിലും ചൂടും വോട്ടർമാരെ ഏറെ വലച്ചു. വോട്ടർമാരുടെ പരാതിയെത്തുടർന്ന് 90 -ാം മാർത്തോമാ എൽ.പി സ്കൂളിൽ ആളുകൾക്ക് വെയിൽ കൊള്ളാതിരിക്കാൻ ടാർപോളിൻ വലിച്ചു കെട്ടി നൽകിയത് ആശ്വാസമായി. മിക്ക പോളിംഗ് ബൂത്തുകളിലും കുടിവെള്ളമെന്ന ബോർഡ് സ്ഥാപിച്ചിരുന്നെങ്കിലും വെള്ളം പോലും കരുതിയിരുന്നില്ലെന്ന പരാതിയും ഇതിനോടൊപ്പം ഉയർന്നു. റാന്നി മണ്ഡലത്തിൽ 202 പോളിംഗ് സ്റ്റേഷനുകളിലായാണ് വോട്ടിംഗ് നടന്നത്. റാന്നി എം.എൽ.എ അഡ്വ. പ്രമോദ് നാരായണൻ 163 -ാം ഗവ.യൂ.പി സ്കൂൾ വൈക്കം ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയപ്പോൾ റാന്നി മുൻ എം.എൽ എ രാജു ഏബ്രഹാം 95 -ാം സെന്റ്. തോമസ് യൂ.പി സ്കൂൾ കരിംകുറ്റിയിൽ വോട്ട് രേഖപ്പെടുത്തി. റാന്നിയിൽ ഇടതുപക്ഷ തരംഗം ഉണ്ടാകുമെന്നു ഇരുവരും വോട്ടിംഗിനു ശേഷം പ്രതീകരിച്ചു.