പത്തനംതിട്ട : മനോജ് ഇത്തവണയുമെത്തി സുഹൃത്തുക്കളോടൊപ്പം പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ ശ്രീനാരായണ ശതവത്സര മെമ്മോറിയൽ സ്കൂളിലെത്തുന്ന പ്രായമായവരേയും സ്റ്റെപ്പ് കയറാൻ പറ്റാത്ത രോഗികളായവർക്കും ആശ്വാസമാകാൻ. പത്തനംതിട്ട സ്വദേശിയായ മനോജിനോടൊപ്പം 11 പേർ വേറെയുമുണ്ട്. നാല് ഡോളികളാണ് ഈ സ്കൂളിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ ക്രമീകരിച്ചത്. ഈ സ്കൂളിൽ വ‌ർഷങ്ങളായി തിരഞ്ഞെടുപ്പിന് ഡോളിയിലാണ് പ്രായമായവരെ മുകളിലെത്തിക്കുന്നത്. മൂന്ന് പടികൾക്ക് മുകളിലാണ് ഈ സ്കൂൾ. നടക്കാൻ ബുദ്ധിമുട്ടുള്ളവരെ താഴെ നിന്ന് ഡോളിയിൽ കയറ്റി മുകളിലെത്തിയ്ക്കുകയാണ് മനോജിന്റെയും കൂട്ടരുടേയും ജോലി. ഒരു ദിവസം 1500 രൂപവരെ കൂലി ലഭിക്കാറുണ്ട്. എഴുപതിലധികം പേരെ ഇത്തവണ ഡോളിയിൽ കൂടി മുകളിലെത്തിച്ച് വോട്ട് ചെയ്യിച്ച് മടക്കിയിട്ടുണ്ടെന്ന് മനോജ് പറയുന്നു. ആകെ മൂന്ന് ബൂത്തുകളിലായി 1256 വോട്ടർമാരായിരുന്നു ഇവിടെയുണ്ടായിരുന്നത്. പത്തനംതിട്ട കടമ്മനിട്ട റോഡിൽ നിന്നു സ്റ്റെപ്പ് കയറാതെ സ്‌കൂളിൽ എത്താൻ വേറെ മാർഗം ഒന്നുമില്ല.