photo
അതിരാത്രത്തിൽ നടന്ന പൂജ

ഇളകൊള്ളൂർ : മഹാദേവ ക്ഷേത്രത്തിൽ നടന്നുവരുന്ന അതിരാത്രം മുഴുവൻ സമയ യാഗക്രിയകളിലേക്ക് കടന്നു. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സോമയാഗത്തിന്റെ ഭാഗമായി ഇന്നലെ നിരവധി ചെറുയാഗങ്ങൾ നടന്നു. സൂര്യോദയത്തിന് മുമ്പ് തന്നെ ആരംഭിച്ച യാഗ പദ്ധതികളിൽ സാധാരണ ദൈനംദിന കർമ്മങ്ങൾക്കു പുറമെ അതിരാത്രം ആരംഭിക്കുന്നതിന് മുമ്പായുള്ള അഥിതി ഇഷ്ടി നടത്തി.

അതിരാത്ര യാഗത്തിലെ ഏറ്റവും മനോഹരവും ഏറ്റവും വൈദിക പ്രാധാന്യമുള്ളതുമായ ആദ്യ പ്രവർഗ്യം ഇന്നലെ നടന്നു. രാവിലെ 11 മുതൽ പ്രവർഗ്യ ചടങ്ങുകൾ ആരംഭിച്ചു. ഇതിന് ആവശ്യമുള്ള പ്രധാന ഹവിസുകൾ സോമലതയും, പശു, ആട് തുടങ്ങിയ മൃഗങ്ങളുടെ പാലുമാണ്. ആദ്യം സോമലത ഒരു കുതിര വണ്ടിയിൽ യാഗശാലയ്ക്ക് പ്രദക്ഷിണം വച്ച് പ്രധാന യാഗ ശാലയിലേക്ക് കൊണ്ടുവരുന്ന സോമ പരിവാഹനം നടത്തി. സുബ്രഹ്മണ്യ ആഹ്വാനത്തിന് ശേഷമാണ് ഈ ക്രിയ നടന്നത്. ഇങ്ങനെ കൊണ്ടുവന്ന സോമം യജമാനൻ പണംകൊടുത്ത് വാങ്ങുന്ന സോമ ക്രയം ചടങ്ങും നടന്നു. തുടർന്ന് ഒരു പശുവിനെയും, ആടിനെയും യാഗശാലയിലേക്ക് കൊണ്ടുവന്ന് പാൽ കറന്നെടുത്തു. പിന്നീടാണ് പ്രവർഗ്യ ഹോമം നടന്നത്. രണ്ടുതവണയാണ് ഹോമ കുണ്ഡത്തിൽ നിന്ന് ഹുങ്കാര ശബ്ദത്തോടെ അഗ്നി ഉയർന്നത്. മഹാവീരം എന്ന കാലുള്ള ഒരു മൺപാത്രം നിലത്ത് കുഴിച്ചിട്ട് അതിൽ നെയ്യ് ഒഴിച്ച് നാല് പുറവും തീയിട്ടു കത്തിച്ചു. തുടർന്ന് മൂന്ന് വേദ മന്ത്രങ്ങളും ചൊല്ലി ദീർഘനേരം നേരം പ്രവർഗ്യ ഹോമം നടന്നു . പ്രധാന വൈദികൻ ഡോ. ഗണേഷ് ജോഗലേക്കർ പ്രഭാഷണം നടത്തി. ഇന്നും പ്രവർഗ്യ ക്രിയ തുടരും.