ഓമല്ലൂർ: രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ആറാം ഉത്സവം വർണാഭമായി. ഐമാലി കിഴക്ക് കരയുടെ വക ആറാം ഉത്സവ ദിനത്തിൽ രാവിലെ പതിവ് പൂജകൾക്ക് ശേഷം ശ്രീഭൂതബലി എഴുന്നെള്ളത്ത് നടന്നു. ഉച്ചയ്ക്ക് ഒന്നിന് തെങ്ങമം ഗോപാലകൃഷ്ണനും സംഘവും അവതരിപ്പിച്ച ഓട്ടൻതുള്ളൽ അരങ്ങേറി. വൈകിട്ട് മൂന്ന് മുതൽ ആറാട്ട് എഴുന്നെള്ളത്തിന് രക്തകണ്ഠസ്വാമിയുടെ തിടമ്പേറ്റിയത് ഗജരാജൻ പരിമണം വിഷ്ണുവാണ്. 4ഗജവീരന്മാർ അകമ്പടി സേവിച്ചു. ശാസ്ത്രി ദാമോദരന്റെയും മുൻമേൽശാന്തി ബാലസുബ്രഹ്മണ്യൻ പോറ്റിയുടേയും സ്മരണാർത്ഥം കുടുംബവും ഏർപ്പെടുത്തിയ അവാർഡ് ദാനവും നടന്നു. രാത്രി ഒൻപതിന് നടന്ന ആറാട്ട് തിരിച്ചെഴുന്നെളളത്തിന് വാദ്യമേളങ്ങളുടേയും തീവെട്ടികളുടേയും അകമ്പടിയോടെ ഘോഷയാത്ര ക്ഷേത്രത്തിലേക്കു പ്രവേശിച്ചു. തുടർന്ന് ചലച്ചിത്ര താരം ദേവീചന്ദനയുടെ ദേവനടനം ക്ഷേത്രത്തിൽ അരങ്ങേറി. ഇന്ന് ഏഴാം ഉത്സവം മഞ്ഞിനിക്കരയുടെ വകയാണ്. രണ്ടു വർഷങ്ങൾ കൂടുമ്പോഴാണ് മഞ്ഞിനിക്കര കരയ്ക്ക് ഏഴാം ഉത്സവം നടത്താൻ അവസരം ലഭിക്കുന്നത്. രാവിലെ 9മുതൽ ഉത്സവബലി. 12:30ന് ഉത്സവബലി ദർശനം. ഒന്നുമുതൽ ഓട്ടൻതുള്ളൽ. മൂന്നിന് ആറാട്ട് ഏഴുന്നെള്ളത്ത്. ഗജരാജൻ ഐരാവതസമൻ ഈരാറ്റപേട്ട അയ്യപ്പനാണ് രക്തകണ്ഠസ്വാമിയുടെ തിടമ്പേറ്റുന്നത്. ആറ് അകമ്പടി ആനകൾക്ക് ഒപ്പം തൃശൂർപൂരം ഇലഞ്ഞിത്തറ മേളത്തിന്റെ നിറസാന്നിദ്ധ്യമായ ചൊവ്വല്ലൂർ മോഹനവാര്യരുടെ പ്രമാണിത്വത്തിൽ 51 കലാകാരന്മാരുടെ പഞ്ചാരിമേളം. വൈകിട്ട് 6 മുതൽ ആദ്ധ്യാത്മിക പ്രഭാഷണം. 8മുതൽ ചൊവ്വല്ലൂർ മോഹനവാര്യരുടെ പ്രമാണിത്വത്തിൽ പാണ്ടിമേളം. ഒൻപതിന് ആറാട്ട് തിരിച്ചെഴുന്നെള്ളത്തും സേവയും. രാത്രി 10ന് രക്തകണ്ഠ സഹായനിധി വിതരണം അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്. 10:30ന് ഗാനമേള.