പത്തനംതിട്ട : ഇടയ്ക്കിടെ വോട്ടിംഗ് യന്ത്രം പണി മുടക്കിയതോടെ കാത്തിരുന്ന് മുഷിഞ്ഞ് ആളുകൾ. ഗവ. ഓമല്ലൂർ എച്ച്.എസ്.എസിലെ 203 -ാം നമ്പർ ബൂത്തിലാണ് വോട്ടർമാർ വല‌ഞ്ഞത്. 1262 വോട്ടർമാരാണ് ഇവിടെയുള്ളത്. സാധാരണ സബ് ബൂത്ത് ഉണ്ടാകാറുണ്ട്. പ്രായമായവരടക്കം നിരവധി പേർ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു വോട്ട് ചെയ്ത് മടങ്ങാൻ. പലർക്കും ദേഹാസ്വസ്ഥ്യം ഉണ്ടായി. ഇതോടെ ബുദ്ധിമുട്ടുള്ളവരെ പൊലീസുകാർ ആദ്യം കയറ്റിവിടാൻ തുടങ്ങി. കുട്ടികളേയും കൊണ്ടെത്തിയവർ വരെ വെയിലത്ത് മണിക്കൂറുകൾ കാത്തിരിക്കേണ്ട സ്ഥിതിയുണ്ടായി. മെഷീനിൽ വോട്ട് ചെയ്തതിന് ശേഷം ശബ്ദം കേൾക്കാൻ താമസിച്ചതിനാൽ വോട്ട് ചെയ്ത് പുറത്ത് വരാൻ ഏറെ സമയമെടുത്തിരുന്നു. കാത്തിരിക്കുന്നവർക്ക് ബഞ്ച് നൽകി ഇരിക്കാനുള്ള സൗകര്യമേർപ്പെടുത്തിയിരുന്നു പൊലീസ്. വെള്ളവും നൽകിയിരുന്നു.