
പത്തനംതിട്ട: ജില്ലയിൽ വിവിധ ഭാഗങ്ങളിൽ കള്ളവോട്ട് പരാതികളുയർന്നു. യഥാർത്ഥ വോട്ടർ എത്തുംമുൻപ് മറ്റൊരാൾ വോട്ടു ചെയ്തുപോയ സംഭവങ്ങളായിരുന്നു ഏറെയും.
തെങ്ങമത്ത് തോട്ടുവ 134ാം നമ്പർ ബൂത്തിൽ ബിന്ദുവിന്റെ പേരിൽ മറ്റൊരു ബിന്ദു വോട്ടു ചെയ്തെന്ന പരാതിയാണ് ആദ്യമുയർന്നത്. പ്രിസൈഡിഗ് ഒാഫീസർക്ക് പറ്റിയ പിഴവാണെന്ന് തിരിച്ചറിഞ്ഞതോടെ യഥാർത്ഥ വോട്ടറെ ടെൻഡർ വോട്ടു ചെയ്യാൻ അനുവദിച്ചു. പള്ളിക്കൽ പഴകുളം 121ാം നമ്പർ ബൂത്തിലെ വോട്ടർ ചരുപറമ്പിൽ ഷാജി എന്നയാളുടെ വോട്ട് അദ്ദേഹം എത്തുന്നതിനു മുമ്പ് മറ്റാരോ ചെയ്തിരുന്നു. ഇദ്ദേഹം പരാതി ഉന്നയിച്ചതോടെ റിട്ടേണിങ് ഓഫീസർ ടെൻഡർ വോട്ട് ചെയ്യാൻ അനുവദിച്ചു. പേരിൽ വന്ന സാമ്യതയിൽ മൂലമുണ്ടായ പിഴവാകാമെന്ന് ഓഫീസർ പറഞ്ഞു. ഏജന്റുമാർ ആരും ആദ്യം മറ്റൊരാൾ വോട്ട് ചെയ്തപ്പോൾ പരാതി ഉന്നയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആറൻമുള നിയോജകമണ്ഡലത്തിൽ ഓമല്ലൂർ 205 ാം ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ പുത്തൻപീടിക സ്വദേശി ജോമോൻ കെ. യേശുദാസിന്റെ വോട്ട് മറ്റാരോ ചെയ്തിരുന്നു. പരാതിയെ തുടർന്ന് ടെൻഡർ വോട്ട് ചെയ്യാൻ ജോമോനെ അനുവദിച്ചു.
റാന്നി നിയോജകമണ്ഡല പരിധിയിലെ കോട്ടാങ്ങൽ കുളത്തൂർ സെന്റ് ജോസഫ് ഹൈസ്‌കൂൾ പത്താം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ പനച്ചിക്കൽ ഹനീഫയുടെ വോട്ട് മറ്റാരോ ചെയ്തു. ഇദ്ദേഹത്തെ പ്രത്യേക ബാലറ്റിൽ ടെൻഡർ വോട്ട് ചെയ്യാൻ അനുവദിച്ചു.
തിരുവല്ല നിയോജകമണ്ഡലത്തിൽ കുന്നന്താനം പാലാക്കാത്തകിടി സെന്റ് മേരീസ് ഹൈസ്‌കൂൾ നാലാം നമ്പർ ബൂത്തിൽ പേരുണ്ടായിരുന്ന പനംപ്‌ളായിൽ അഞ്ജു പി.ഫിലിപ്പോസ് എത്തിയപ്പോഴാണ് മറ്റാരോ വോട്ട് ചെയ്തതായി അറിയുന്നത്. കന്നിവോട്ടറായ അഞ്ജു വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ വന്നതോടെ പ്രത്യേക ബാലറ്റിൽ വോട്ട് ചെയ്യാൻ അനുവദിച്ചു.
കുന്നന്താനം എൻ.എസ്.എസ്., ഹയർ സെക്കൻഡറി സ്‌കൂളിലെ പതിമൂന്നാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ അമൃതഭവനിൽ ബിന്ദുവിനെ പ്രിസൈഡിംഗ് ഓഫീസർക്ക് കിട്ടിയ വോട്ടർ പട്ടികയിൽ നാട്ടിലില്ലാത്തവരുടെ ഒപ്പമാണ് ചേർത്തിരുന്നത്. പരാതിയെ തുടർന്ന് ഇവരെയും വോട്ട് ചെയ്യാൻ അനുവദിച്ചു.
വെട്ടൂർ എം. എസ്. സി എൽ. പി സ്‌കൂളിൽ 23 നമ്പർ ബൂത്തിൽ ഷൈല മുഹമ്മദാലി ജിന്ന എന്ന ആളുടെ വോട്ട് രാവിലെ ആരോ മാറി രേഖപ്പെടുത്തിയതായി പരാതി. ഉച്ചയ്ക്ക് ശേഷം ഷൈല മുഹമ്മദാലി ജിന്ന വോട്ട് ചെയ്യാൻ പോളിംഗ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് ആരോ തന്റെ വോട്ട് ചെയ്തതായി മനസിലായത്. തുടർന്ന് ഷൈല പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഷൈല രേഖകളുമായി വീണ്ടും പോളിങ് ബൂത്തിലെത്തി ടെൻഡർ വോട്ട് ചെയ്തു. ഒരാൾ പർദ്ദയണിഞ്ഞു ആധാർ കാർഡുമായി വന്ന് വോട്ട് ചെയ്തതായി പറയപ്പെടുന്നു. പോളിംഗ് സ്റ്റേഷനിലെ സി സി ടി വി ക്യാമറകൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പ്രിസൈഡിംഗ് ഓഫീസർ അറിയിച്ചു.
മുളക്കുഴ ഗവൺമെന്റ് എച്ച് എസ് എസിലെ 74 -ാം നമ്പർ ബൂത്തിൽ കാട്ടുപറമ്പിൽ ജയേഷ് വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് തന്റെ വോട്ട് മറ്റാരോ ചെയ്തതായി അറിയുന്നത്. തുടർന്ന് ടെൻഡർ വോട്ട് ചെയ്തു.