തിരുവല്ല: വഴിവിളക്കുകൾ പ്രകാശിക്കാത്ത എം.സി റോഡിൽ രാത്രിയാത്രയിൽ അപകട സാദ്ധ്യതയേറെ. റോഡിൽ വെളിച്ചമില്ലാത്തതിനാൽ ഡിം അടിക്കാതെ എതിരെ വരുന്ന വാഹനങ്ങളാണ് അപകടത്തിന് ഇടയാക്കുന്നത്. എം.സി. റോഡിന്റെ നിർമ്മാണത്തിനൊപ്പം സ്ഥാപിച്ച വഴിവിളക്കുകൾ തകരാറിലായിട്ട് വർഷങ്ങളായെങ്കിലും അധികൃതർ ഇതുവരെയും തിരിഞ്ഞുനോക്കിയിട്ടില്ല. ഇതുകാരണം രാത്രിയിൽ കൂരിരുട്ടാണ്. വാഹനത്തിന്റെ വെളിച്ചത്തിൽ യാത്ര ചെയ്യുമ്പോൾ വിദൂരക്കാഴ്ച ലഭിക്കാത്തതിനാൽ മിക്കപ്പോഴും അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയേറെയാണ്. ചെങ്ങന്നൂർ - തിരുവല്ല - മൂവാറ്റുപുഴ എം.സി. റോഡിൽ നിരവധി വഴിവിളക്കുകളാണ് തകരാറിലായിരിക്കുന്നത്. എം.സി റോഡ് ഏഴുവർഷം മുൻപ് ഉന്നത നിലവാരത്തിൽ നവീകരിച്ചപ്പോൾ കെ.എസ്.ടി.പി സ്ഥാപിച്ച വഴിവിളക്കുകളാണിത്. സ്ഥാപിച്ച ആദ്യവർഷം ഇവയിൽ മിക്കവയും പ്രവർത്തിച്ചിരുന്നു. ഇടിഞ്ഞില്ലം മുതൽ കുറ്റൂരിൽ വരട്ടാർ പാലം വരെ നൂറോളം സൗരോർജ വിളക്കുകൾ സ്ഥാപിച്ചിരുന്നു. ഇതിൽ ഒന്നുപോലും ഇപ്പോൾ പ്രവർത്തിക്കുന്നില്ല.
വഴിവിളക്കുകൾ തകരാറിലായതോടെ മോഷ്ടാക്കളും വിലസുകയാണ്.
വഴിവിളക്കുകളിൽ സൗരോർജ പാനലുമായി ബന്ധിപ്പിച്ചിരുന്ന ബാറ്ററികൾ ഇരുമ്പ് പെട്ടിക്ക് അകത്താണ് സൂക്ഷിച്ചിരുന്നത്. പിന്നീട് ബാറ്ററികൾ സൂക്ഷിച്ചിരുന്ന ഇരുമ്പ് പെട്ടികൾ ദ്രവിച്ച്, അവശിഷ്ടങ്ങൾ താഴേക്ക് ഇളകി വീഴാൻ തുടങ്ങി. ബോക്സിൽനിന്നു ചില ബാറ്ററികൾ താഴെവീണു നഷ്ടപ്പെട്ടു. കുറെയെണ്ണം ആരൊക്കെയോ മോഷ്ടിച്ചു കൊണ്ടുപോയി.
വഴിവിളക്കുകളുടെ അറ്റകുറ്റപ്പണി വൈകുന്നു
കൊല്ലം - തേനി ദേശീയപാത അധികൃതർക്കാണ് എം.സി. റോഡിന്റെ മേൽനോട്ട ചുമതല. ഇതുകാരണം എം.സി. റോഡിലെ വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികൾ നടത്താൻ ആരുമില്ലാത്ത സ്ഥിതിയാണ്. തദ്ദേശ സ്ഥാപനങ്ങളും പൊതുമരാമത്ത് വകുപ്പ് അധികൃതരും യാത്രക്കാരുടെ ദുരിതത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്.
വിളക്കില്ലാതെ നിൽക്കുന്ന തൂണുകൾ പലതും തുരുമ്പിച്ച് ദ്രവിച്ച നിലയിലാണ്. ഇവയും യാത്രക്കാർക്ക് ഭീഷണിയാണ്. എം.സി. റോഡിന്റെ ചിലഭാഗങ്ങളിൽ വിളക്കില്ലാത്ത തുരുമ്പിച്ച തൂണുകൾ ഒടിഞ്ഞുവീണിട്ടുണ്ട്.
രാത്രികാല അപകടങ്ങൾക്ക് കാരണം മിക്കപ്പോഴും റോഡിലെ വെളിച്ചക്കുറവാണ്. നിലവാരമുയർത്തി നിർമ്മിച്ചശേഷം വെളിച്ചമില്ലെങ്കിൽ എങ്ങനെ റോഡിലൂടെ പോകും. നടപടി വൈകരുത്.
റെയ്‌ന ജോൺസ്ബർഗ്
(യാത്രക്കാരൻ, എം.സി റോഡിന്റെ സമീപവാസി)