തിരുവല്ല: തിരഞ്ഞെടുപ്പ് ദിവസം രാത്രിയിൽ വെൺപാലയിൽ അക്രമം അഴിച്ചുവിട്ട് സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം. കുറ്റൂർ പഞ്ചായത്ത് 1, 2 വാർഡുകളിലെ കോൺഗ്രസ്, സി.പി.എം, ബി.ജെ.പി പാർട്ടികളുടെ കൊടിമരങ്ങളും സ്ഥാനാർത്ഥികളുടെ പ്രചാരണ സാമഗ്രികളും യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും അർദ്ധരാത്രിയിൽ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. കൊടികൾ വഴിനീളെ വലിച്ചുകീറി എറിഞ്ഞ നിലയിലാണ്. സ്ഥാനാർത്ഥികളുടെ പ്രചാരണ ബോർഡുകളും പോസ്റ്ററുകളും നശിപ്പിച്ചു. കോളഭാഗത്ത് ജംഗ്ഷനിൽ വീടിനോട് ചേർന്ന് ക്രമീകരിച്ച യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു. തിരഞ്ഞെടുപ്പ് ദിവസം രാത്രി വൈകി പ്രവർത്തകർ വീടുകളിലെത്തിയ ശേഷമാണ് അക്രമണം നടന്നത്.