
ഇളകൊള്ളൂർ : മഹാദേവർ ക്ഷേത്രത്തിൽ നടന്നുവരുന്ന അതിരാത്ര യാഗത്തിന്റെ രണ്ടാംഘട്ടം പ്രവർഗ്യ ക്രിയയോടെ അവസാനിച്ചു. ഇന്നും നാളെയുമായി മഹാസോമയാഗം നടക്കും. അഞ്ചാം പ്രവർഗ്യത്തിനും ഉപാസത്തിനും സുബ്രഹ്മണ്യ ആഹ്വാനത്തിനും ശേഷം ഇന്ദ്രൻ യാഗശാലയിലേക്കെത്തി യാഗം സ്വീകരിക്കാൻ തയ്യാറായി എന്നാണു സങ്കൽപ്പിക്കുന്നത്. ചടങ്ങുകൾ നടത്താനുപയോഗിച്ച യാഗ വസ്തുക്കൾ ഇന്നലെ നചികേത ചിതിയിൽ ദഹിപ്പിച്ചു. നാലുകാലുകളുള്ള മഹാവീരം എന്ന മൂന്നു മൺപാത്രങ്ങൾ, പ്രസേകം, ശഭം പീഠം, ദർഭപുല്ലുകൾ ഉൾപ്പടെ പ്രവർഗ്യോപാസത്തിന് ഉപയോഗിച്ച യാഗ വസ്തുക്കൾ മുഴുവൻ ദഹിപ്പിച്ചു ചിതാഗ്നിയാക്കി.
വൈകിട്ട് വൈദിക ചടങ്ങുകൾ പുനരാരംഭിച്ചു. ഇതുവരെ നടന്നു വന്ന യാഗങ്ങൾ ഇനി മഹായാഗമായ അതിരാത്രത്തിലേക്കു മാറും. ഇതുവരെ പടിഞ്ഞാറേ ശാലയായ ഗാർഹ്യപത്യ ശാലയിലെ ത്രേതാഗ്നി ഹോമകുണ്ഡങ്ങളിലാണ് യാഗം നടന്നിരുന്നത്. ഇന്ന് നാല് മണിക്ക് കിഴക്കേ ശാലയായ ഹവിർധാന മണ്ഡപത്തിനു മുന്നിൽ യാഗ ഭൂമിയുടെ മധ്യഭാഗത്തായി നിർമിച്ച ചിതിയിലാണ് യാഗം നടക്കുക. ഈ ചിതിയിലേക്കു അരണി കടഞ്ഞു അഗ്നി സന്നിവേശിപ്പിക്കും. ഇതോടെ സമ്പൂർണ അതിരാത്ര യാഗത്തിന് തുടക്കമാകും. തുടർന്നു ഹവിർധാന മണ്ഡപത്തിൽ സോമം ഇടിച്ചു പിഴിഞ്ഞ് സോമയാഗത്തിനുള്ള നീരെടുക്കും.