
പത്തനംതിട്ട : അന്തരീക്ഷത്തിലെ വിഷവാതകം തടയാൻ ആരംഭിച്ച കാർബൺ രഹിത പത്തനംതിട്ട പദ്ധതി ഫണ്ടില്ലാത്തതിനാൽ നിലച്ചു. ജില്ലയിൽ അഞ്ച് പഞ്ചായത്തുകളെയാണ് ഒന്നാംഘട്ടത്തിൽ പദ്ധതിക്കായി തിരഞ്ഞെടുത്തത്.
മാലിന്യനിക്ഷേപകേന്ദ്രങ്ങൾ വലിയ വിഷവാതക സ്രോതസുകളാകുന്നു എന്ന കണ്ടെത്തലിനെ തുടർന്ന് അവയുടെ ശാസ്ത്രീയ പരിപാലനമായിരുന്നു ലക്ഷ്യം. മാലിന്യത്തിലെ കാർബൺ ഡയോക്‌സൈഡ്, മീഥേൻ, നൈട്രസ് ഓക്‌സൈഡ് എന്നിവയ്ക്കായി പ്രത്യേക സംഭരണികൾ സ്ഥാപിക്കും. ഇതിനായി വിഷവാതകൾ കൂടുതലുള്ള പ്രദേശങ്ങൾ സർവെ നടത്തി കണ്ടെത്തുന്ന പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിക്ക് കീഴിൽ നടപ്പാക്കുന്ന നെറ്റ് സീറോ കാർബൺ കേരളത്തിന്റെ ഭാഗമായിരുന്നു കാർബൺ രഹിത പത്തനംതിട്ട. ഹരിത കേരളം മിഷൻ മുൻകൈയെടുത്ത് സർവെ നടത്തിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.
നെറ്റ് സീറോ കാർബൺ കേരളം പദ്ധതി
കാർബൺഡൈ ഓക്‌സൈഡ്, മീഥേൻ, നൈട്രസ് ഓക്‌സൈഡ് തുടങ്ങിയ ഹരിത ഗൃഹവാതകങ്ങളുടെ പുറന്തള്ളൽ അന്തരീക്ഷത്തിന് താങ്ങാൻ കഴിയുന്നതിലും അധികമാവുകയും ആഗോളതാപനം മൂലം കാലാവസ്ഥാ വ്യതിയാനങ്ങൾ സംഭവിക്കുകയും അന്തരീക്ഷത്തിൽ ചൂട് വർദ്ധിക്കുകയും ചെയ്യുന്നതായി പഠനങ്ങളുണ്ട്. തീവ്രമായ ജലക്ഷാമം നേരിടേണ്ടിവരികയും ആവാസവ്യവസ്ഥയിൽ മാറ്റം സംഭവിക്കുകയും ചെയ്യാമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നെറ്റ് സീറോ കാർബൺ കേരളം പദ്ധതിക്ക് തുടക്കമിട്ടത്.
കാർബണിന്റെ പുറന്തള്ളൽ പരിമിതപ്പെടുത്തി വരൾച്ച, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്നതിന് പ്രകൃതിയെ സജ്ജമാക്കുന്നതായിരുന്നു പദ്ധതി.
സർവെ നടന്ന പഞ്ചായത്തുകൾ
1.ഇരവിപേരൂർ, 2.കടമ്പനാട്, 3.ചെന്നീർക്കര, 4.കുന്നന്താനം, 5.സീതത്തോട്
'' സർവെ നടന്നു. പഞ്ചായത്ത് എല്ലാ സഹകരണവും നൽകിയിരുന്നു. തുടർ നടപടികളുണ്ടായില്ല.
ജോർജ് തോമസ്, ചെന്നീക്കര പഞ്ചായത്ത് പ്രസിഡന്റ്.