
മല്ലപ്പള്ളി : 11 കെ വി ലൈനിന് മുകളിൽ റബർ മരം ഒടിഞ്ഞുവീണ് വൈദ്യുതിബന്ധം തകരാറിലായി. പുറ്റത്താനി - കിളിയൻ കാവ് റോഡിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നിനാണ് സംഭവം. വായ്പൂര് ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസിൽ അറിയിച്ചെങ്കിലും വൈദ്യുതി പുനസ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇൗ പ്രദേശത്ത് വൈദ്യുതി മുടക്കം പതിവാണ്. കാറ്റിലും മഴയിലും മരച്ചില്ലകൾ ഒടിഞ്ഞുവീണ് വൈദ്യുതി മുടങ്ങാനും സാധ്യതയേറെയാണ്. കാലവർഷം കനക്കുന്നതിന് മുമ്പ് ടച്ചിംഗ് വെട്ട് നടത്തിയാൽ ഒരു പരിധിവരെ വൈദ്യുതി തടസമൊഴിവാക്കാനാകും.