മല്ലപ്പള്ളി : പഞ്ചായത്ത് ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശനകവാടത്തിലെ മഴയ്ക്കുശേഷമുള്ള വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമാകുന്നു.പൊതുമരാമത്ത് ഓടയുടെ സ്ലാബുകൾ താഴ്ന്നുകിടക്കുന്നതാണ് വെള്ളക്കെട്ടിന് കാരണം. ബസുകൾ സ്റ്റാൻഡിലേക്കു പ്രവേശിക്കുമ്പോൾ യാത്രക്കാരുടെ ദേഹത്തേക്ക് വെള്ളം തെറിച്ചുവീഴുന്നത് പതിവാണ്. ജീർണാവസ്ഥയിലെത്തിയ സ്ലാബുകൾക്കും ഓടയ്ക്കും തകർച്ച സംഭവിച്ചാൽ സ്റ്റാൻഡിലേക്കു ബസുകൾ പ്രവേശിക്കാൻ കഴിയാത്തസ്ഥിതിയുണ്ടാകും. സ്വകാര്യബസുകൾക്ക് പുറമേ കെ.എസ്ആർ.ടി.സി ബസുകളും പാർക്ക് ചെയ്യുന്നത് പഞ്ചായത്ത് ബസ് സ്റ്റാൻഡിലാണെന്നതും പ്രശ്നം സങ്കീർണമാക്കുന്നു. സ്ഥലപരിമിതിമൂലം നട്ടംതിരിയുന്ന ബസ് സ്റ്റാൻഡിൽ വ്യാപാര സ്ഥാപനങ്ങളിൽനിന്ന് സാധനങ്ങൾ പുറത്തേക്ക് ഇറക്കിവയ്ക്കുന്നത് ബസുകളുടെ യാത്രക്ക് തടസമാകുന്നതായും പരാതിയുണ്ട്. ഇതുകാരണം ബസുകൾ ഏറെ പ്രയാസപ്പെട്ടാണ് തിരിക്കുന്നതെന്ന് ഡ്രൈവർമാർ പറയുന്നു. ഇത് ബസ് കാത്തുനിൽക്കുന്നവർക്കും തടസമാകുന്നതായും പരാതിയുണ്ട്. ഒരേസമയം ഒൻപത് ബസുകൾക്കു പാർക്ക് ചെയ്യാനുള്ള സ്ഥലം മാത്രമേ സ്റ്റാൻഡിലുള്ളൂ. കെ.എസ്ആർ.ടി.സിയുടെ കോട്ടയം - കോഴഞ്ചേരി, മല്ലപ്പള്ളി - തിരുവല്ല ചെയിൻ സർവീസുകളും എത്തുന്നതോടെ സ്റ്റാൻഡിൽ തിരക്കാകും.
കോൺക്രീറ്റ് ഇളകി മാറാൻ സാദ്ധ്യത
ബസുകൾ പാർക്കു ചെയ്യുന്ന സ്ഥലത്തെ കോൺക്രീറ്റ് തകർച്ചയുടെ പാതയിലാണ്. മിക്കയിടങ്ങളിലും വിള്ളലുകൾ സംഭവിച്ചിട്ടുണ്ട്. ഇക്കാരണത്താൽ കോൺക്രീറ്റുകൾ ഇളകി മാറാനുള്ള സാദ്ധ്യ ഏറെയാണ്. ഇവിടങ്ങളിൽ കുഴികളുമുണ്ടാകാം. ആറ് വർഷം മുൻപാണ് കോൺക്രീറ്റിംഗ് നടത്തിയത്. ഓരോ നിമിഷവും ഒട്ടേറെ ബസുകൾ കയറുന്നതിനാൽ ഓരോ ദിവസം കഴിയുന്തോറും കൂടുതൽ ഭാഗങ്ങളിലേക്ക് തകർച്ച വ്യാപിക്കുവാനുള്ള സാദ്ധ്യത ഏറെയാണ്. ബസുകൾക്കു തടസമാകുന്ന വിധത്തിൽ സ്റ്റാൻഡിലേക്കു സാധനങ്ങൾ ഇറക്കിവയ്ക്കുന്നത് തടയുന്നതിനും പ്രവേശന കവാടത്തിലെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും നടപടിയെടുക്കണമെന്നാണ് ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ആവശ്യം.
.....................................................
അധികൃതർ ഇടപെട്ട് വ്യാപാരികൾക്ക് കർശന നിർദ്ദേശം നൽകിയാൽ ബസ്റ്റാൻഡിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാനാകും.
രാഹുൽ
(സ്വകാര്യ ബസ് ഡ്രൈവർ)
............................................
പ്രവേശന കവാടത്തിലെ സ്ലാബുകളുടെ ഉപരിതലത്തിലെ ടാറിംഗ് ഇളകിമാറിയത് നവീകരിക്കുന്നത് നടപടി സ്വീകരിച്ചാൽ യാത്രക്കാരുടെ ചെളിയാത്ര ഒഴിവാക്കുവാൻ സാധിക്കും.
അനശ്വര.
(യാത്രക്കാരി)
........
1. കോൺഗ്രീറ്റിംഗ് നടത്തിയത് 6 വർഷം മുൻപ്
2. മിക്ക ഇടങ്ങളിലും വിള്ളൽ സംഭവിച്ചു