
മല്ലപ്പള്ളി : താലൂക്കിലെ വിവിധ പ്രദേശത്ത് കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണാൻ കഴിയാതെ കർഷകർ വലയുന്നു. കൂട്ടമായെത്തുന്ന പന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. കർഷകർക്ക് വൻ സാമ്പത്തിക നഷ്ടമാണ് വരുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വിലങ്ങുപാറയ്ക്കാൽ കൊച്ചുമോന്റെ കൃഷിയിടത്തിലെ 30 ഏത്തവാഴ തൈകളാണ് നശിപ്പിച്ചത്. എഴുമറ്റൂർ സ്വദേശി പാറയിൽ കുഞ്ഞുകുട്ടന്റെ പാട്ട കൃഷിയിടത്തിലെ ചേനയും ചേമ്പും വാഴയുമടക്കം നശിപ്പിച്ചു. പച്ചക്കറിത്തോട്ടങ്ങളിലും കപ്പത്തോട്ടങ്ങളിലും പന്നിശല്യമുണ്ട്. ഫലമെടുക്കും മുമ്പ് വിളകൾ പന്നികൾ നശിപ്പിക്കുന്നതിനാൽ കൃഷി ചെയ്യാൻ കർഷകർ മടിക്കുന്നു. കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാണ്.