valav
ചെങ്ങറയിലെ അപകടവളവ്

കോന്നി: അട്ടച്ചാക്കൽ - കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറ ജി.സി.എസ്.എൽ.പി സ്കൂളിന്റെ സമീപത്തെ അപകടവളവ് നേരേയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചെങ്ങറ ജംഗ്ഷനിൽ നിന്ന് വരുന്ന റോഡിലെ ഇറക്കത്തിന്റെയും നാടുകാണി ജംഗ്ഷനിൽ നിന്ന് കയറ്റംകയറി വരുന്ന ഭാഗത്തെ റോഡിന്റെ കയറ്റത്തിലുമാണ് അപകട വളവുള്ളത്. ഇവിടെ നിരവധി കാറുകളും,ഇരുചക്ര വാഹനങ്ങളും വലിയ ലോറികളും അപകടത്തിൽ പെട്ടിട്ടുണ്ട്. നാടുകാണി ഭാഗത്തുനിന്ന് വേഗത്തിൽ കയറ്റം കയറി വരുന്ന വാഹനങ്ങൾ വളവിനു സമീപത്തു വരുമ്പോൾ മാത്രമാണ് വലിയ വളവ് കാണുന്നത്ത്. ചെങ്ങറ ജംഗ്ഷനിൽ നിന്ന് ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾ വളിവിൽ എത്തി അപകടത്തിൽ പെടുന്നതും പതിവാണ്. ഹാരിസൺസ് മലയാളം പ്ലാന്റേഷന്റെ കുമ്പഴ എസ്റ്റേറ്റിലെ സെൻട്രിഫ്യുജിഡ് ലാറ്റക്സ് ഫാക്ടറിയിൽ നിന്ന് ലോഡ് കയറ്റി വരുന്ന വലിയ ലോറികൾ വളവ് തിരിയാനാവാതെ റോഡിലെ വളവിൽ പല തവണ കുടുങ്ങി കിടക്കുകയും ഗതാഗത തടസം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇവിടെ അപകടങ്ങൾ പതിവാകുന്നത് സമീപത്തെ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും റോഡരികിലെ വളവിൽ താമസിക്കുന്ന നാട്ടുകാർക്കും ഭയമാണ്.

നിർമ്മാണ സമയത്ത് നാട്ടുകാരുടെ ആവശ്യം അവഗണിച്ചു

നാലു വർഷങ്ങൾക്ക് മുൻപ് റോഡിലെ 13 കിലോമീറ്റർ ദൂരം കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് 18 കോടി രൂപ മുതൽ മുടക്കിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ വികസിപ്പിച്ചിരുന്നു. കോന്നി റാന്നി നിയമസഭാ മണ്ഡലങ്ങളിലെ കോന്നി, മലയാലപ്പുഴ, വടശേരിക്കര പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡ് വികസിപ്പിച്ച സമയത്ത് വളവ് നേരെയാകണെമന്ന് നാട്ടുകാർ ആവശ്യം ഉന്നയിച്ചെങ്കിലും നടപ്പായില്ല.

തമിഴ്നാട്ടിലെ തീർത്ഥാടകർക്ക് ആശ്രയിക്കുന്ന റോഡ്

ശബരിമല തീർത്ഥാടന സമയത്ത് വടശേരിക്കരയിൽ നിന്ന് വേഗത്തിൽ കോന്നിയിൽ എത്താൻ തമിഴ് നാടിന്റെ തെക്കൻ ജില്ലകളിൽ നിന്ന് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നുമുള്ള തീർത്ഥാടകർ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. സമീപത്തെ പാറമടയിൽ നിന്ന് ലോഡ് കയറിവരുന്ന ടിപ്പർ ടോറസ് ലോറികളും ഇപ്പോൾ കൂടുതലായി ഈ റോഡിലൂടെ കടന്നുപോകുന്നുണ്ട്.

....................................

നിരവധി അപകടങ്ങൾ ഉണ്ടായ വളവാണ്‌ . നേരെയാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം.

സജിത്ത് സോമരാജ്

( പൊതുപ്രവർത്തകൻ )

..........

18 കോടി മുടക്കി നിർമ്മിച്ച റോഡ്