
പത്തനംതിട്ട : ജില്ലയിൽ മേയ് മൂന്ന് വരെ താപനില 38 ഡിഗ്രി സെഷ്യൽസിൽ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ, കോട്ടയം, കണ്ണൂർ ജില്ലകളിലും ഇതേതാപനിലയായിരിക്കും. ചൂട് കൂടുന്നത് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. പകൽ സമയത്ത് പുറത്തേക്കിറങ്ങാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ.
ശ്രദ്ധിക്കേണ്ടത്
പകൽ 11 മുതൽ വൈകന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ ആർ എസ് ലായനി, സംഭാരം എന്നിവ ഉപയോഗിക്കുക.
തീപിടിത്തം
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണനിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തങ്ങൾ വർദ്ധിക്കാനും വ്യാപിക്കാനുമുള്ള സാദ്ധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും വേണം.
പൊതുയിടങ്ങളിൽ
ഇരുചക്രവാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ
പകൽ സമയത്ത് (11 മുതൽ വൈകിട്ട് 3 വരെ) സുരക്ഷിതരാണെന്ന് സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം
പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കണം.
യാത്രയിലേർപ്പെടുന്നവർ വെള്ളം കയ്യിൽ കരുതുക.
നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക.
മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.