photo

ഇളകൊള്ളൂർ : അതിരാത്രത്തിന്റെ അവസാനപാദമായ സമ്പൂർണ യാഗ ക്രിയകൾ ആരംഭിച്ചു. ഇന്ന് രാവിലെ തൃതീയ സവനവും നാളെ യജ്ഞശാല അഗ്നിക്കു സമർപ്പിക്കുന്ന പൂർണാഹുതിയും നടക്കും. സന്ധ്യാവന്ദനാദികൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഋത്വിക്കുകളെ വീണ്ടും വരവേറ്റു. തുടർന്ന് ചിതിയുടെ പടവുകളിൽ തൊട്ടു പ്രധാന ആചാര്യൻ മന്ത്രങ്ങൾ ചൊല്ലി. യജമാനൻ കൊമ്പംകുളം വിഷ്ണു സോമയാജി ഋത്വിക്കുകളോട് രാവിലെ സവനം ചെയ്തു തരണം എന്നാവശ്യപ്പെടുകയും പാരികർമികളോട് സവനം ചെയ്യിപ്പിച്ചു തരണം എന്ന് ആവശ്യപ്പെടുകയും ചെയ്തു, യാഗ ഋത്വിക്കുകളെ വരണം ചെയ്തു. തുടർന്ന് അധര്യു യജമാനനെ ക്ഷണിച്ചു. ഹവിർധാനവണ്ടിയിൽ നിന്ന് സോമലത താഴെ പലകപ്പുറത്തു വിരിച്ചുവച്ചിരിക്കുന്ന കാളത്തോളിൽ വച്ചു. സോമക്രയത്തിലൂടെ സോമം പടിഞ്ഞാറേശാലയിൽ പ്രവേശിച്ചതിന് ശേഷം ആദ്യമായാണ് അഞ്ച് അടിക്കു താഴെ പ്രതലത്തിൽ വക്കുന്നത്. തുടർന്ന് ഏറെ നേരം പ്രാതരാനുവാകം ചൊല്ലി. തുടർന്ന് പ്രധാന ചടങ്ങുകൾ ആരംഭിച്ചു. നാളെ ചടങ്ങുകൾ അവസാനിക്കും. അതിരാത്രം അവസാന ചടങ്ങുകളിലേക്ക് കടന്നതോടെ ഇടതടവില്ലാതെ വേദ മന്ത്രങ്ങൾ മാത്രം മുഴങ്ങുന്ന യാഗഭൂമിയായി ഇളകൊള്ളൂർ മഹാദേവ ക്ഷേത്രം മാറി. ഭക്തർക്ക് പൂജകൾ അർപ്പിക്കുന്നതിനും പ്രസാദങ്ങൾ സ്വീകരിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.