 
പെരുമ്പാവൂർ : പുഴയിൽ കുളിക്കാനിറങ്ങിയ യുവതി കയത്തിൽ അകപ്പെട്ട് മുങ്ങി മരിച്ചു. കൂവപ്പടി ആലാട്ടുചിറ അഭയാരണ്യത്തിനുസമീപം പെരിയാറിന്റെ കൈവഴിയായ ചെട്ടിനട പനങ്കുരുത്തോട്ടം പുഴയിൽ കുളിക്കാനിറങ്ങിയ ചെങ്ങന്നൂർ ഇടനാട് മായാലിൽ തുണ്ടിയിൽ വീട്ടിൽ തോമസിന്റെ മകൾ ജോമോൾ (25) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് പതിനൊന്നരയോടെ നാലു കൂട്ടുകാരികളുമൊത്ത് കുളിക്കാനിറങ്ങിയ ജോമോൾ കുളി കഴിഞ്ഞ് കരക്കുകയറിയ ശേഷം വീണ്ടും പുഴയിൽ ഇറങ്ങുകയായിരുന്നു. ജോമോൾ കയത്തിൽ അകപ്പെട്ടതോടെ കൂട്ടുകാരികൾ ബഹളംവച്ചു. ഒാടിക്കൂടിയ നാട്ടുകാരാണ് ഫയർഫോഴ്സിൽ വിവരം അറിയിച്ചത്. ഫയർഫോഴ്സും സ്കൂബ ടീമും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തി. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബംഗളൂരുവിൽ ഒരുമിച്ചുജോലി ചെയ്യുന്ന കൂട്ടുകാരി സ്വാതിയുടെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കുവാനായി രണ്ടു ദിവസം മുമ്പാണ് ജോമോളും കൂട്ടുകാരികളും ആലാട്ടുചിറ നെടുമ്പിള്ളിൽ വീട്ടിലെത്തിയത്. സംസ്കാരം പിന്നീട്. മാതാവ്: എലിസബത്ത്, സഹോദരൻ: ജോയൽ.