മല്ലപ്പള്ളി : കോട്ടയം - കോഴഞ്ചേരി സംസ്ഥാനപാതയിൽ മല്ലപ്പള്ളി സി.എം.എസ് സ്കൂൾപ്പടി മുതൽ പുതുതായി സ്ഥാപിച്ച പൈപ്പിൽ തുടർച്ചയായി ചോർച്ച ഉണ്ടാക്കുന്നതായി ആക്ഷേപം ശക്തമാകുന്നു. വെണ്ണിക്കുളത്തിനും കോതക്കുളത്തിനും ഇടയിലുള്ള പള്ളിപ്പടിയിലെ പൈപ്പിലെ ചോർച്ചയും തുടർക്കഥയാണ്. 100 മീറ്റർ ദൂരത്തിനിടയിൽ ഇതിനോടകം 18 ഇടങ്ങളിൽ തകർച്ച ഉണ്ടായിട്ടുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ചിട്ടുള്ള പൈപ്പുകളിലും തകർച്ച ഉണ്ടാകാറുണ്ട്. പൈപ്പിലെ ചോർച്ച മൂലം ടാറിംഗിനും ഇളകി. പണികൾ നടത്തുന്ന കുഴികളും റോഡിന്റെ തകർച്ചയ്ക്ക് കാരണമാകുന്നു. മെച്ചപ്പെട്ട നിലയിലായിരുന്ന റോഡിന്റെ തകർച്ച ഒഴിവാക്കുന്നതിനാണ് പതിറ്റാണ്ടുകൾക്ക് മുമ്പുള്ള പൈപ്പുകൾക്ക് പകരം പുതിയത് മൂന്നുവർഷം മുമ്പ് സ്ഥാപിച്ചത്. നേരത്തെ ഉണ്ടായിരുന്ന പൈപ്പുകളെക്കാളും നിലവാരമില്ലാത്തവയാണ് ഇപ്പോൾ സ്ഥാപിച്ചതെന്നാണ് ഉപഭോക്താക്കളുടെ ആക്ഷേപം. ഏഴു കോടിയോളം രൂപ ചെലവഴിച്ചാണ് പുതിയ പൈപ്പിന്റെ നിർമ്മാണ പ്രവർത്തികൾ നടത്തിയത്. നിരന്തരമായുള്ള പൈപ്പ് പൊട്ടൽ ജല അതോറിറ്റിക്കും തലവേദനയാകുന്നുണ്ട്.
പഞ്ചായത്ത് ജംഗ്ഷന് സമീപത്തായി രണ്ടിടത്താണ് ചോർച്ച
മല്ലപ്പള്ളി പഞ്ചായത്ത് ജംഗ്ഷന് സമീപത്തായി രണ്ടിടത്തായാണ് പൈപ്പുപൊട്ടി ചോർന്നൊലിക്കുന്നത്. പൈപ്പ് പൊട്ടിയ ഭാഗത്തു റോഡിനും തകർച്ച നേരിടുന്നുണ്ട്. ടൗണിലേക്കുള്ള ബൈപ്പാസ് റോഡിലും പൈപ്പ് ചോർച്ചയുണ്ട്. കോട്ടയം റോഡിൽ ആരംപുളിക്കൽ സ്കൂളിന് സമീപത്തും സ്ഥിരമായി തകർച്ച സംഭവിക്കുന്നതായും ആക്ഷേപം ശക്തമാണ്. പൈപ്പിൽ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിന് അധികൃതരുടെ നിസംഗ മനോഭാവം വെടിഞ്ഞ് ജലവിതരണം കാര്യക്ഷമമാക്കാൻ നടപടിയെടുക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
...................................
പൈപ്പിലെ ചെറിയ തോതിലുള്ള ചോർച്ച മൂലം ചെറിയ കുഴികളാണ് ആദ്യം രൂപപ്പെടുന്നത്. വെള്ളം കെട്ടിനിന്ന് കുഴികളുടെ വ്യാപ്തി വർദ്ധിക്കുന്നതാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണം. തുടക്കത്തിൽ തകർച്ച പരിഹരിക്കാൻ അധികൃതർ തയാറാകേണ്ടതാണ്.
ചന്ദ്രബാബു
(പ്രദേശവാസി)
കുളം തോണ്ടി വാട്ടർ അതോറിറ്റിയെന്ന് നാട്ടുകാർ
...........................
100 മീറ്റർ ദൂരത്തിനിടയിൽ 18 ഇടങ്ങളിൽ തകർച്ച
നിർമ്മാണച്ചെലവ് 7 കോടി