pta

പത്തനംതിട്ട : ജനറൽ ആശുപത്രിയിലെ ഡോക്ടർമാരിൽ ഭൂരിഭാഗവും ഒ.പി സമയത്ത് കൂടിയ മീറ്റിംഗിൽ പങ്കെടുക്കാൻ പോയത് രോഗികളെ വലച്ചു. ഇന്നലെ രാവിലെ 10.30 മുതലാണ് മീറ്റിംഗ് ക്രമീകരിച്ചിരുന്നത്. ഒ.പിയിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ തിരക്കുള്ള സമയമാണ്. ഫിസിഷനടക്കമുള്ള ഡോക്ടർമാർ മീറ്റിംഗിന് പോയതോടെ രോഗികളെ ജനറൽ മെഡിസിനിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ഒരു ഡോക്ടർ മാത്രമാണ് ഉണ്ടായിരുന്നത്. ഇ.എൻ.ടി, ഓർത്തോ, ജനറൽ സർജൻ, ജനറൽ മെഡിസിൻ വിഭാഗത്തിലും ഡോക്ടർമാരുടെ ആഭാവം തിരക്കിന് കാരണമായി. രോഗികളുടെ നീണ്ട ക്യൂ അനുഭവപ്പെട്ടു. ഫാർമസിയിലും തിരക്കായതോടെ രോഗികൾ പലരും മരുന്ന് വാങ്ങാതെ മടങ്ങി. ദിവസവും ആയിരത്തോളം രോഗികൾ ജനറൽ ആശുപത്രിയിലെ ഒ.പിയിൽ എത്താറുണ്ട്.

കൊടുംചൂടിൽ ബുദ്ധിമുട്ടി രോഗികൾ

ചൂടിൽ വിയർത്തൊലിച്ചാണ് രോഗികൾ ക്യൂ നിന്നത്. രോഗികളെ പുറത്തെ വരാന്തയിലും സ്റ്റെപ്പിലും മാറ്റി നിറുത്തിയാണ് ആശുപത്രി അധികൃതർ തിരക്ക് നിയന്ത്രിച്ചത്. രോഗിയുടെ കൂടെ വന്നവരാണ് ഡോക്ടറുടെ കാബിന് മുമ്പിൽ ക്യൂ നിന്നത്.

കേന്ദ്രസംഘത്തിന്റെ മീറ്റിംഗ്

കേന്ദ്രസംഘം എത്തിയ മീറ്റിംഗിൽ ഡി.എം.ഒ അടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. എല്ലാ മാസവും ഇത്തരത്തിൽ മീറ്റിംഗുകൾ കൂടാറുണ്ടെന്നാണ് ആശുപത്രിയുടെ വിശദീകരണം. മീറ്റിംഗ് കാരണം യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എല്ലാ മാസവും ഉച്ചയ്ക്ക് ശേഷം നടത്തുന്ന മീറ്റിംഗാണിത്, ചില ഉദ്യോഗസ്ഥരുടെ അസൗകര്യങ്ങൾ കാരണം രാവിലെയാക്കുകയായിരുന്നു.