photo

ഇളകൊള്ളൂർ : ഇളകൊള്ളൂരിനെ യാഗഭൂമിയാക്കി മാറ്റിയ അതിരാത്രം ഇന്ന് സമാപിക്കും. പുലർച്ചെ നിത്യകർമങ്ങൾക്ക് തുടക്കമാകും. രാവിലെ 8.30ന് അനൂയാജഹോമം നടക്കും. യാഗത്തിന് ശേഷംവന്ന വിറകും സോമവും ദ്രോണ കലശത്തിലാക്കി വറുത്ത ബാർലിയും ആഹുതി ചെയ്യുന്ന ചടങ്ങാണിത്. 10ന് അവഭൃഥസ്നാന ചടങ്ങുകൾ ആരംഭിക്കും. യാഗശാല അഗ്നിക്ക് സമർപ്പിക്കുന്ന ചടങ്ങുകൾ ഉച്ചയ്ക്ക് ഒന്നിന് തുടങ്ങും. വൈകിട്ട് മൂന്നിന് പൂർണാഹുതിയോടെ അതിരാത്രത്തിന് സമാപനമാകും.

ഇന്നലെ രാവിലെ തൃതീയ സവനം ആരംഭിച്ചു. പ്രാത,ദ്വിദീയ സവനങ്ങളിൽ പത്ത്

മന്ത്രങ്ങളാണ് കഴിഞ്ഞദിവസം പൂർത്തിയാക്കിയത്. സോമ പിഴിഞ്ഞ് ആദ്യം ആദിത്യന്മാർക്ക് ആഹുതി കൊടുത്തു. തുടർന്ന് പതിനൊന്നാം സ്തുതി ആരംഭിച്ചു. ഈ സ്തുതികൾ അതീവ ശ്രദ്ധയോടെയാണ് ഋത്വിക്കുകൾ ചൊല്ലിയത്. ഇതിനുശേഷം പശുബലി നടന്നു. പുരോഡാശം എന്ന അരിമാവുകൊണ്ടുള്ള അടയാണ് പശുബലിക്കായി ഉപയോഗിച്ചത്. തുടർന്ന് സവിതാവിന് ആഹുതി ചെയ്യുകയും സോമപാനം ആരംഭിക്കുകയും ചെയ്തു. ഇതിന് ശേഷം അധിപ്രാധാന്യമേറിയ യജ്ഞായജ്ഞീയം എന്ന സ്തുതി തുടങ്ങി. തുടർന്ന് ഉക്ത്യയാഗം ആരംഭിച്ചു. ശേഷം ഷോഡശ യാഗം ആരംഭിച്ചു. ഇത് സന്ധ്യസമയത്താണ് നടന്നത്.

തുടർന്നാണ് അതിരാത്ര ചടങ്ങുകൾ നടന്നത്. അശ്വിന സ്തുതിയോടെ അതിരാത്രം അവസാനിച്ചു. ഇന്ന് സമാപന ഹോമങ്ങളും പൂർണാഹുതിയും നടക്കും.