പന്തളം: പന്തളം - മാവേലിക്കര റോഡിന്റെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെ ഹ്യൂമൻ റൈറ്റ്‌സ് ഒബ്‌സർവേഴ്‌സ് സൊസൈറ്റി ചെയർമാനും മുട്ടാർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റുമായ ഇ.എസ് നുജുമുദീൻ നൽകിയ പരാതിയിൽ പൊതുമരാമത്ത് വകുപ്പ് വിജിലൻസ്, ക്വാളിറ്റി കൺട്രോൾ വിഭാഗങ്ങൾ പരിശോധന നടത്തി. പരാതിയിലെ ഭാഗങ്ങൾ വിശദമായി പരിശോധിക്കുകയും ചിത്രം സഹിതം രേഖപ്പെടുത്തുകയും ചെയ്തു. ഓടയിൽ നിന്ന് കടകളിലേക്ക് വെള്ളം കയറുന്ന ഭാഗം നിർമ്മാണ കമ്പനികൾ ഇത്രകാലമായിട്ടും പരിഹരിക്കാതിരുന്നതിനാൽ വ്യാപാരികൾ സ്വന്തം ചെലവിൽ കോൺക്രീറ്റ് ചെയ്ത് വൃത്തിയാക്കുകയായിരുന്നു. നിർമ്മാണ കമ്പനിയുടെ ഉത്തരവാദിത്വം ഇല്ലാത്ത പ്രവർത്തനങ്ങളെക്കുറിച്ചും പരാതി നാട്ടുകാരിൽ നിന്ന് ഉദ്യോഗസ്ഥർ സ്വീകരിച്ചു. പരാതികളിൽ എത്രയും വേഗം പരിഹരിക്കുമെന്നും വിശദമായ റിപ്പോർട്ട് എത്രയും വേഗം പൊതുമരാമത്ത് വകുപ്പിന് നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ഇ.എസ് നുജുമുദീൻ , വൈ.റഹിം റാവുത്തർ , തോമസ് കുഞ്ഞു കുട്ടി, സുധീർ സംസം , അഷറഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.