പത്തനംതിട്ട: പത്തുദിവസം നീണ്ടുനിന്ന ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയിറങ്ങി. ഐമാലി കിഴക്ക് കരയുടെ നേതൃത്വത്തിലാണ് പത്താം ഉത്സവം നടന്നത്. ഇന്നലെ രാവിലെ 11നും 11.45 നും മദ്ധ്യേ കൊടിയിറങ്ങി. ഉച്ചക്ക് 1ന് ഓട്ടംതുള്ളൽ നടന്നു. വൈകിട്ട് 3ന് താളമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര സന്നിധിയിൽ നിന്ന് ആറാട്ട് എഴുന്നെള്ളത്ത് പുറപ്പെട്ടു. തുടർന്ന് ആദ്ധ്യാത്മിക പ്രഭാഷണവും ഗാനമേളയും നാദസ്വരകച്ചേരിയും നൃത്ത നാടകവും ക്ഷേത്ര സന്നിധിയിൽ അരങ്ങേറി. രാത്രി 12ന് മുത്തുക്കുടകളുടെയും താലപ്പൊലിയേന്തിയ ബാലികമാരുടെയും നാദസ്വരത്തിന്റെയും തീവെട്ടികളുടെയും അകമ്പടിയോടെ ആനപ്പുറത്തേറിയാണ് ദേവൻ ആറാട്ട് കടവിൽ നിന്നും ക്ഷേത്ര സന്നിധിയിലേക്ക് തിരിച്ചെഴുന്നെള്ളിയത്. ആറാട്ട് ക്ഷേത്ര സന്നിധിയിലെത്തി വലിയകാണിക്കയും തിരുവാഭരണദർശനത്തിനും ശേഷം ദീപാരാധനയും ആകാശ ദീപക്കാഴ്ചയും നടന്നു. ആറാട്ടു ഘോഷയാത്രയ്ക്കും തിരുവാഭരണ ദർശനത്തിനും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.