അഞ്ചാലുംമൂട്: നാട്ടുകാർക്ക് വേനൽക്കാലത്തുൾപ്പെടെ ഉപകാരപ്രദമായിരുന്ന പനയം വില്ലേജ് ഓഫീസിന് മുന്നിലെ ചോനംചിറകുളം മാലിന്യങ്ങൾ നിറഞ്ഞ് നശിച്ചിട്ടും ശുചീകരിക്കാൻ നടപടി സ്വീകരിക്കാതെ അധികൃതർ. സമീപം താമസിക്കുന്ന നൂറിലധികം കുടുംബങ്ങൾക്ക് ഉപകാരപ്രദമായിരുന്ന കുളമാണ് നശിക്കുന്നത്. വേണ്ടരീതിയിൽ സംരക്ഷിക്കാത്തതിനാൽ കുളത്തിന്റെ സംരക്ഷണഭിത്തികൾ തകരുകയും പരിസരം കാട് കയറിയിരിക്കുകയുമാണ്.
വേനലിൽ കടുത്ത ജലക്ഷാമം നേരിടുമ്പോൾ പനയം താന്നിക്കമുക്ക് പ്രദേശങ്ങളിലുള്ളവർ തുണികൾ അലക്കുന്നതിനും കുളിക്കുന്നതിനുമായാണ് പ്രധാനമായും ചോനംചിറകുളത്തെ ആശ്രയിച്ചിരുന്നത്. വേനലവധിക്കാലത്ത് കുട്ടികളെ നീന്തൽ പരിശീലപ്പിക്കുകയും ചെയ്തിരുന്നു. സംരക്ഷണഭിത്തി തകർന്നതോടെയാണ് കുളത്തിൽ സാമൂഹിക വിരുദ്ധർ ഉൾപ്പെടെയുള്ളവർ മാലിന്യം നിക്ഷേപിക്കാൻ തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും കുളത്തിൽ കെട്ടികിടക്കാൻ തുടങ്ങിയതോടെ പകർച്ചാവ്യാധികൾ പടർന്ന് പിടിക്കുമോയെന്ന ഭീതിയിലാണ് പ്രദേശവാസികൾ.
പ്രതിഷേധിച്ചിട്ടും ഫലമില്ല
കടുത്ത വേനലിൽ പോലും വെള്ളം വറ്റില്ലെന്നതായിരുന്നു ഈ കുളത്തിന്റെ പ്രത്യേകത. കുളത്തിലെ മാലിന്യങ്ങൾ നീക്കി ശുദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. വിഷയത്തിൽ കോൺഗ്രസ് പ്രതിഷേധിക്കുകയും പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. താന്നിക്കമുക്കിൽ നിന്ന് പനയം ദേവീക്ഷേത്രത്തിലേക്ക് പോകുന്ന റോഡിലാണ് ചോനംചിറകുളം ഉള്ളത്. നിലവിൽ ഈ പ്രദേശങ്ങളിൽ കനത്ത വേനൽ മൂലം ജലക്ഷാമം ഉണ്ടെങ്കിലും വസ്ത്രങ്ങൾ അലക്കുന്നതിനോ കുളിക്കുന്നതിനോ കുളം ഉപയോഗിക്കാനാകാത്തത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. എത്രയും വേഗം കുളത്തിലെ മാലിന്യങ്ങൾ നീക്കി കുളം പഴയതുപോലെയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചോനംചിറകുളം നവീകരിക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. കുളം നവീകരിക്കണമെന്നാവശ്യപ്പെട്ട് ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിൽ പനയം പഞ്ചായത്ത് റിപ്പോർട്ട് നൽകിയിരുന്നു. മാലിന്യം നീക്കുന്നതിനായി അഞ്ച് ലക്ഷം രൂപ അനുവദിച്ചു. ടെണ്ടർ നടപടികൾ ഉൾപ്പെടെ പൂർത്തിയായി. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മാലിന്യങ്ങൾ നീക്കി കുളം ശുദ്ധീകരിക്കും.
വിധു
വാർഡ് മെമ്പർ