police
റൂട്ട് മാർച്ച്

കൊല്ലം: തിരഞ്ഞെടുപ്പ് ക്രമസമാധാനം ഭദ്രമാക്കാൻ സാന്നിദ്ധ്യമറിയിച്ച് പൊലീസും കേന്ദ്രസേനയും രംഗത്ത്. റവന്യു ജില്ലയിലെ രണ്ട് പൊലീസ് ജില്ലകളിലായി വിവിധ അർദ്ധ - കേന്ദ്രസേനകളുടെ നൂറുപേരെയാണ് ലോക്കൽ പാെലീസിന്റെ നിയന്ത്രണത്തിൽ വിന്യസിച്ചിട്ടുള്ളത്.

പൊലീസിന്റെ ആത്മവിശ്വാസം ഉയർത്തുന്നതിനൊപ്പം ജനങ്ങളിൽ സുരക്ഷിതബോധം ഉറപ്പാക്കുന്നതിന് പുറമെ കുറ്റവാളികൾക്കും സാമൂഹ്യവിരുദ്ധർക്കും മുന്നറിയിപ്പുമായി വിവിധ കേന്ദ്രങ്ങളിൽ റൂട്ട് മാർച്ചുകൾ പുരോഗമിക്കുകയാണ്.

കൊല്ലം റൂറൽ പൊലീസ് ജില്ലയിൽ ഒമ്പതിടത്തും സിറ്റിയിൽ മൂന്നിടത്തും റൂട്ട് മാർച്ചുകൾ നടത്തി. ലഭ്യതയനുസരിച്ച് 30 നും 60 നും ഇടയിൽ സേനാംഗങ്ങളെ അണിനിരത്തിയാണ് റൂട്ട് മാർച്ചുകൾ. ബി.എസ്.എഫ്, സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ് തുടങ്ങിയ സേനാ വിഭാഗങ്ങളെയാണ് സബ് ഡിവിഷൻ തലങ്ങളിൽ ഡിവൈ.എസ്.പി -എ.സി.പി തലങ്ങളിലെ ഉദ്യോഗസ്ഥരുടെ പിന്നിൽ അണിനിരത്തി മാർച്ചുകൾ സംഘടിപ്പിക്കുന്നത്.

നിലവിലെ സംഘർഷബാധിത പ്രദേശങ്ങളും മുൻകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത ആവശ്യമായ സ്ഥലങ്ങളും രഹസ്യാന്വേഷണ വിഭാഗം നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തിട്ടപ്പെടുത്തിയാണ് റൂട്ട് മാർച്ചുകൾ ക്രമീകരിച്ചിട്ടുള്ളത്. കൂടാതെ പുറത്തുനിന്നുള്ള സേനാംഗങ്ങൾക്ക് ഭൂമിശാസ്‌ത്രപരമായ പരിചയപ്പെടലും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.

റൂട്ട് മാർച്ച് ടീമിൽ ഉൾപ്പെട്ട നൂറുപേരെ പ്രയോജനപ്പെടുത്തി ജില്ലാ -സംസ്ഥാന അതിർത്തികളിൽ പരിശോധനയും നടത്തുന്നുണ്ട്.

റൂറൽ ജില്ലാ അധികൃതർ