
എഴുകോൺ: പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡി.ആർ.ഡി.ഒ) നൂതന ആശയങ്ങൾക്കായി നടത്തിയ ഡെയർ ടു ഡ്രീം മത്സരത്തിൽ യുവ ശാസ്ത്രജ്ഞൻ സൂര്യസാരഥി വ്യക്തിഗത വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി വീണ്ടും ശ്രദ്ധേയനായി. മുൻവർഷം ഇതേ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയിരുന്നു.
കൊല്ലം എഴുകോൺ സൂര്യോദയത്തിൽ ബിസിനസുകാരനായ സി.ബാലാർക്കന്റെയും എഴുകോൺ ഇ.എസ്.ഐ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ സി.ഷീജാമണിയുടെയും മകനാണ്.
റേഡിയോ കമ്മ്യൂണിക്കേഷൻ ശൃംഖലകളിൽ നിന്ന് വിവരം ചോർത്താനുള്ള സാങ്കേതിക വിദ്യയാണ് സൂര്യസാരഥി വികസിപ്പിച്ചത്. സഹോദരനായ ഡോ. സൂര്യതംബുരുവിന്റെ പേരിൽ നിന്നെടുത്ത തംബുര എന്ന പേരാണ് കണ്ടുപിടിത്തത്തിന് നൽകിയത്. അടിസ്ഥാനപരമായി ഒരു എഫ്.എം റിസീവറാണ് തംബുര. സാധാരണ എഫ്.എം റിസീവറുകൾ 90 മുതൽ 110 മെഗാ ഹെർട്സ് ആവൃത്തിവരെയുള്ള തരംഗങ്ങളെ ട്യൂൺ ചെയ്യുമ്പോൾ 0.5 മുതൽ 250000 മെഗാഹെർട്സ് വരെയുള്ള തരംഗങ്ങളെ തംബുര ഡീ കോഡ് ചെയ്യും. സൈനിക മേഖലയിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണിത്. അഞ്ചുലക്ഷം രൂപ സമ്മാനമായി ലഭിക്കും.
മെസേജിംഗ് ആൻഡ് വോയ്സ് ഫോർ അണ്ടർ വാട്ടർ സിസ്റ്റംസ് എന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചതിനാണ് കഴിഞ്ഞ വർഷം പുരസ്കാരം ലഭിച്ചത്. കടലിനടിയിൽ ശബ്ദസന്ദേശങ്ങളുടെ വ്യക്തത പരിരക്ഷിക്കുന്നതാണ് ഈ സാങ്കേതിക വിദ്യ.
കോഴിക്കോട് എൻ.ഐ.ടിയിൽ നിന്ന് എൻജിനിയറിംഗ് ഫിസിക്സിൽ ബിരുദം നേടിയ ഈ യുവ പ്രതിഭ നൂതന കണ്ടുപിടിത്തങ്ങൾ നടത്തുന്നതിൽ കഠിന പ്രയത്നിയാണ്. ഒരു ബലൂണും കണ്ണാടിയും ലേസറും മാത്രം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ന്യൂ ജനറേഷൻ ലേസർ പ്രോജക്ടറിനെ കുറിച്ചുള്ള സൂര്യസാരഥിയുടെ പ്രബന്ധം ഐ.ഇ.ഇ.ഇ തലത്തിൽ ഏറെ അംഗീകരിക്കപ്പെട്ടിരുന്നു.
മറ്റ് കണ്ടുപിടിത്തങ്ങൾ
7000 കിലോ മീറ്റർ വരെ ബന്ധപ്പെടാവുന്ന ഹാം റേഡിയോ
ഇന്റർനെറ്റ് സഹായമില്ലാതെ സാറ്റലൈറ്റ് സിഗ്നലുകൾ നേരിട്ട് സ്വീകരിക്കുന്ന 'സാറ്റ് എസ്.ഡി.ആർ"
ലേസർ രശ്മികളെ ആവശ്യാനുസരണം നിയന്ത്രിക്കാവുന്ന ഒപ്ടിക്കൽ ലേസർ ചോപ്പർ. ഇതിന് പേറ്റന്റ് ലഭിച്ചു