ഓടനാവട്ടം: കെ.ഐ.പിയുടെ പരുത്തിയിറ അക്വിഡക്ട് തകർച്ചാഭീഷണിയിൽ. വേണ്ടത്ര ശുചീകരണമോ, മെയിന്റനൻസോ കാലാകാലങ്ങളിൽ നടത്താത്തതാണ് അക്വിഡക്ട് അപകടാവസ്ഥയിലാകാൻ കാരണം. കൊട്ടാരക്കര - ഓയൂർ റോഡിന്റെ മുകൾ ഭാഗത്തുകൂടിയാണ് ഈ അക്വിഡക്ട് കടന്നു പോകുന്നത്. ആരാധനാലയവും സർക്കാർ ആയുർവേദ ആശുപത്രിയും ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ ഇതിനു സമീപമാണ്. ഇടതടവില്ലാതെയാണ് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത്.
കാടും മരങ്ങളും വളർന്ന്
അക്വിഡക്ട് നിറയെ കനാൽവെള്ളമാണ്. ഇതിന്റെ പലഭാഗത്തും വിള്ളലുകളിലൂടെ വെള്ളം പുറത്തേയ്ക്കൊഴുകി യാത്രക്കാർക്ക് നടക്കാനാകാത്ത അവസ്ഥയാണ്. മരങ്ങൾ വളർന്നും, വള്ളികൾ പടർന്നു പിടിച്ചും അക്വിഡക്ടിന് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. കനാൽ വെള്ളം തുറക്കും മുന്നേ മരങ്ങൾ മുറിച്ചുമാറ്റി, അറ്റകുറ്റ പണികൾ തീർക്കേണ്ടത് അത്യാവശ്യമായിരുന്നെന്ന് പ്രദേശ വാസികൾ പറയുന്നു. കെ.ഐ.പി കനാലുകളുടെ അവസ്ഥയും മറിച്ചല്ല. കെ.ഐ.പി മെയിൻ, സബ് കനാലുകൾ കാടിൽ മൂടി കിടക്കുകയാണ്. അതിരൂക്ഷമായ വരൾച്ച നേരിടുന്ന ഈ സമയത്ത് പോലും
ഇതുവഴിയുള്ള ജലവിതരണം ആളുകൾക്ക് ഉപകരിക്കുന്നില്ല.
പരുത്തിയറ, കട്ടയിൽ, വെളിയം ആരൂർക്കോണം തുടങ്ങിയ സബ് കാനാലുകൾ
അടിയന്തരമായി വൃത്തിയാക്കി വെള്ളം എത്തിക്കണം.
ആർ.എസ് .പി ലോക്കൽ കമ്മിറ്റി, വെളിയം