
സേവനം ദുർഘട പ്രദേശങ്ങളിലും
ദുരന്തമുഖങ്ങളിൽ വെറ്ററിനറി ക്യാമ്പുകൾ
പദ്ധതിക്ക് ജില്ലയിൽ തുടക്കം
കൊല്ലം: എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള ജില്ലയിലെ പ്രദേശങ്ങളിൽ മൃഗചികിത്സയും സേവനവും എത്തിക്കാനുള്ള ആംബുലേറ്ററി ക്ലിനിക് പദ്ധതിക്ക് ജില്ലയിൽ തുടക്കം. ജില്ലയിലെ ഗിരിവഗ ഊരുകളിലും തീരപ്രദേശങ്ങളിലും മൃഗസംരക്ഷണ സേവനം എത്തിക്കുന്നതാണ് പദ്ധതി. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ മൊബൈൽ വെറ്ററിനറി ഹോസ്പിറ്റലിന്റെ നേതൃത്വത്തിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
ആംബുലേറ്ററി ക്ലിനിക് പദ്ധതിയുടെ ആദ്യ ക്യാമ്പുകൾ മൺറോത്തുരുത്തിലെ പെരിങ്ങാലം, കിടപ്രം മലയിൽക്കടവ് പ്രദേശങ്ങളിൽ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഡി.ഷൈൻകുമാർ ഉദ്ഘാടനം ചെയ്തു. ക്ഷീര കർഷകരുടെ ഉരുക്കൾക്ക് മരുന്നുകളും ജീവകങ്ങളും ധാതുലവണ മിശ്രിതങ്ങളും മീനെണ്ണയും ടോണിക്കുകളും സൗജന്യമായി നൽകി. വന്ധ്യത പരിശോധനകളും നടത്തി. സീനിയർ വെറ്ററിനറി സർജന്മാരായ ഡോ. ബി. സോജ, ഡോ. എസ്. ഷീജ, ഡോ. സേതുലക്ഷ്മി, ഡോ. മഞ്ജു, അജയൻ, ഷാജി, ശാലിനി എന്നിവർ നേതൃത്വം നൽകി.