city

കൊല്ലം: സിറ്റി ഗ്യാസ് പദ്ധതിയുടെ പ്ലാന്റ് സ്ഥാപിക്കാൻ ചവറയിൽ കെ.എം.എം.എല്ലിന്റെ ഭൂമി പാട്ടത്തിന് കൈമാറാൻ സർക്കാർ ഉത്തരവിട്ട് രണ്ടുമാസം കഴിഞ്ഞിട്ടും കൈമാറ്റം നടക്കുന്നില്ല. ഭൂമിയുടെ പാട്ടത്തുക സംബന്ധിച്ച ഫയൽ ഒരുമാസത്തിലേറെയായി കളക്ടറേറ്റിൽ കുടുങ്ങിക്കിടക്കുകയാണ്.

ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ സിറ്റി ഗ്യാസ് പദ്ധതി ഏറെ മുന്നേറിയിട്ടും ജില്ലയിൽ പദ്ധതി വേഗത്തിലാക്കാനുള്ള ഇടപെടൽ കരാർ കമ്പനിയായ എ.ജി.പിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.
ഫെബ്രുവരി 2നാണ് കെ.എം.എം.എല്ലിന്റെ ഭൂമി സിറ്റി ഗ്യാസ് പദ്ധതിക്ക് പാട്ടത്തിന് നൽകാൻ അനുമതി നൽകി സർക്കാർ ഉത്തരവായത്. ഉത്തരവ് പ്രകാരം കളക്ടറോ തഹസിൽദാരോ ഭൂമിയുടെ പാട്ടത്തുക നിശ്ചയിച്ച് കെ.എം.എം.എല്ലിന് നൽകണം. തഹസിൽദാർ പാട്ടത്തുക നിശ്ചയിച്ച് കളക്ടർക്ക് നൽകിയെങ്കിലും ജില്ലാ ഭരണകൂടം ഈ ഫയൽ കെ.എം.എം.എല്ലിന് നൽകിയിട്ടില്ല. ജില്ലാ ഭരണകൂടം നൽകുന്ന പാട്ടത്തുക അടിസ്ഥാനമാക്കിയാണ് കെ.എം.എം.എല്ലും എ.ജി.പിയും തമ്മിൽ ഭൂമി കൈമാറ്റ കരാർ ഒപ്പിടുന്നത്.

പാട്ടത്തുക ഫയൽ കൈമാറിയില്ല

 കളക്ടറേറ്റ് പൂർണമായും തിരഞ്ഞെടുപ്പ് നടപടികളിലേക്ക് പോയതാണ് ഇപ്പോഴത്തെ പ്രശ്നം

 പാട്ടത്തുക ഫയൽ കൈമാറാത്തതിനാൽ കൊല്ലത്ത് പദ്ധതി ഇഴയുന്നു

 പദ്ധതി നിർവഹണ ചുമതല കൊല്ലത്തിന് പുറമേ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും എ.ജി.പിക്ക്

 തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ സിറ്റി ഗ്യാസ് വിതരണം ആരംഭിച്ചു

കാലാവധി - 10 വർഷം

കെ.എം.എം.എൽ വിട്ടുനൽകുന്ന ഭൂമി - 126 സെന്റ്

ദേശീയപാത ഔട്ട്ലെറ്റിന് - 35 സെന്റ്

പ്ളാന്റിന് - 91 സെന്റ്

സ്ഥലം കിട്ടിയാൽ പ്ലാന്റ്

ഒരുവർഷത്തിനുള്ളിൽ

ദ്രാവക രൂപത്തിലുള്ള പ്രകൃതി വാതകം വാതക രൂപത്തിലാക്കുന്ന പ്ലാന്റ്, ഭൂമി കൈമാറിക്കിട്ടി ഒരു വർഷത്തിനുള്ളിൽ സജ്ജമാകുമെന്നാണ് കരാർ കമ്പനി പറയുന്നത്. ഈ പ്ലാന്റിൽ നിന്ന് കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട, കുണ്ടറ, കണ്ണനല്ലൂർ ഭാഗങ്ങളിലേക്കാകും ആദ്യഘട്ടത്തിൽ പ്രകൃതി വാതകം എത്തിക്കുക. പ്ലാന്റിനൊപ്പം തന്നെ പൈപ്പിടലും നടക്കും. അതുകൊണ്ട് തന്നെ പ്ലാന്റ് പൂർത്തിയാകുമ്പോൾ പ്രകൃതിവാതക വിതരണവും ആരംഭിക്കും. പത്തനാപുരം മണ്ഡലത്തിലെ മേലില പഞ്ചായത്തിൽ ഒരു മാസത്തിനുള്ളിൽ താത്കാലിക പ്ലാന്റ് വഴി പ്രകൃതിവാതക വിതരണം ആരംഭിക്കും.

കളക്ടറേറ്റിൽ നിന്ന് പാട്ടത്തുക നിശ്ചയിച്ച് കൈമാറിയാൽ ഒരാഴ്ചയ്ക്കുള്ളിൽ കരാർ ഒപ്പിടാനാകും.

കെ.എം.എം.എൽ അധികൃതർ