കൊല്ലം: എല്ലാ വീടുകളും സ്ഥാപനങ്ങളും ക്യാമറ നി​രീക്ഷണത്തി​ലാവണമെന്ന് പൊലീസ് ആവർത്തി​ച്ച് ആവശ്യപ്പെടുമ്പോൾ, ചി​ല വീടുകളി​ലെ ക്യാമറകൾ അയൽവീടുകളി​ലേക്ക് നടത്തുന്ന 'നോട്ടം' പൊലീസിനു തന്നെ പരാതിയായി ലഭിക്കുന്നു.

സുരക്ഷ ലക്ഷ്യമാക്കിയാണ് പൊലീസ് നിർദേശങ്ങളും ഉപദേശങ്ങളും നൽകുന്നത്. കുറ്റകൃത്യങ്ങളും അപകടങ്ങളും സംഭവിക്കുമ്പോൾ

ഇത്തരം ക്യാമറ ദൃശ്യങ്ങൾ പൊലീസിന് വളരെ സഹായമാണ്. പൊലീസിന് സ്വന്തം ചെലവിൽ എല്ലായിടത്തും ക്യാമറകൾ സ്ഥാപിക്കാനാവില്ല. എന്നാൽ അയൽ വീടുകളിലേക്ക് തുറിച്ചു നോക്കുന്ന വിധം സ്ഥാപിക്കുന്ന ക്യാമറകൾ സ്വകാര്യതയെ ബാധിക്കുന്നു എന്ന വിധത്തിലാണ് പരാതികൾ ലഭിക്കുന്നത്.

വൻനഗരങ്ങളിൽ കുറ്റകൃത്യങ്ങൾ തടയാൻ പൊലീസ് തുടങ്ങി വെച്ച നിരീക്ഷണ സംവിധാനം ബാങ്കുകളും ജ്യുവലറികളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും പിന്നിട്ടാണ് വീടുകളിലേക്കും എത്തിത്തുടങ്ങിയത്. വിദേശത്തുള്ളവർക്ക് വീട്ടിലെ ക്യാമറ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണുകയും ചെയ്യാം. എന്നാൽ സ്വകാര്യത സംബന്ധിച്ച പരാതികൾ ഒറ്റപ്പെട്ടവയാണെന്ന് പൊലീസ് പറയുന്നു.

.

ഉൾപ്രദേശങ്ങളിൽ വളരെ കുറച്ചു പേർ മാത്രം ഉപയോഗിക്കുന്ന വഴികളിൽ ക്യാമറ സ്ഥാപിക്കുന്നതിനെ ചില‌ർ എതിർക്കുന്നതിൽ അർത്ഥമില്ല. കാരണം സുരക്ഷ തന്നെയാണ് മുഖ്യം .എന്നാൽ, വ്യക്തികളുടെ സ്വകാര്യതയും മാനിക്കണം. സ്വാഭാവിക നീതിയുടെ ലംഘനമുണ്ടാകാനും പാടില്ല. അയൽവക്കത്തേക്ക് നോക്കുന്ന ക്യാമറകൾ സംബന്ധിച്ച് ത‌ർക്കങ്ങളുണ്ടാകുമ്പോൾ പൊലീസ് ഇടപെട്ട് പരിഹരിക്കുന്നുണ്ട്

പൊലീസ് അധികൃതർ

ക്യാമറകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് നിലവിൽ ചട്ടങ്ങളില്ല. അന്യന്റെ വീട്ടിലേക്ക് ക്യാമറ തിരിക്കുന്നത് മറ്റൊരു തരത്തിലുള്ള കയ്യേറ്റം തന്നെയാണ്

തദ്ദേശ സ്ഥാപന അധികൃതർ

വ്യക്തിഗത സുരക്ഷയും പൊതു സുരക്ഷയും ഒരുക്കുന്നതിനിടെ അയൽവക്കത്തേക്കും ക്യാമറക്കണ്ണുകൾ പതിയുന്നത് സാങ്കേതികമായി സംഭവിക്കുന്ന അബദ്ധമാകാം. ചിലപ്പോൾ ബോധപൂർവമാകാം. ഈ സ്വഭാവത്തിലുള്ള പരാതികൾ കുറവല്ല. കളക്ടറേറ്റിലെ മിസലേനിയസ് വിഭാഗത്തിലെ പബ്ലിക് ഗ്രീവൻസസ് സെല്ലിൽ വരുന്ന ഒറ്റപ്പെട്ടതും താരതമ്യേന നിസാരവുമായ ത‌ർക്കങ്ങൾ ക്രമസമാധാന പ്രശ്‌നങ്ങളാകാതിരിക്കാൻ പൊലീസിന് കൈമാറുന്നുണ്ട്.

റവന്യു അധികൃതർ