കരുനാഗപ്പള്ളി: കഴിഞ്ഞ ദിവസം ആലപ്പാട്ട് ഗ്രാമപഞ്ചായത്തിൽ ഉണ്ടായ കടൽ ക്ഷോഭം ആശങ്കപ്പെടുത്തുന്നതാണെന്നും ഇതുമായി ബന്ധപ്പെട്ട് ശ്വാശത പരിഹാരത്തിനായി കേന്ദ്ര ഫിഷറീസ് ക്യാബിനറ്റ് മന്ത്രി പർഷോത്തം രൂപാലയുടെ സെക്രട്ടറി വിവേക് പി.ഭട്ട്യയെ കാര്യങ്ങൾ ധരിപ്പിച്ചതായും എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ പറഞ്ഞു. അശാസ്ത്രീയമായ നിർമ്മാണങ്ങൾ നിറുത്തലാക്കി പകരം മത്സ്യത്തൊഴിലാളികളുടെയും കടലോരമേഖലകളിൽ വസിക്കുന്നവരുടെയും ദീർഘകാല ആവശ്യമായ പുലിമുട്ടോടുകൂടിയ കടൽ ഭിത്തി നിർമ്മാണം പൂർത്തീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു വേണ്ട കാര്യങ്ങൾ സ്വീകരിക്കാം എന്ന് അദ്ദേഹം ഉറപ്പ് നൽകിയതായി ശോഭാ സുരേന്ദ്രൻ പറഞ്ഞു.പ്രളയകാലത്ത് ദൈവദൂതരെ പോലെ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തിയ കടലിന്റെ മക്കളുടെ സംരക്ഷണം സർക്കാരിന്റെ ഉത്തരവാദിത്വം ആണെന്നും മത്സ്യത്തൊഴിലാളികളുടെ ദുരിതവുമായി ബന്ധപ്പെട്ട് കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർ കനത്ത വില നൽകേണ്ടിവരുമെന്നും ശോഭാ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.