കൊല്ലം: ജോലി സ്ഥലത്തേക്ക് പോകവേ ആരോഗ്യ വകുപ്പ് ജീവനക്കാരെ ആക്രമിച്ചുവെന്ന കേസിലെ പ്രതികളെ കൊട്ടാരക്കര അസി. സെഷൻസ് കോടതി ജഡ്ജി സന്ദീപ് കൃഷ്ണണ വെറുതെ വിട്ടു. മണ്ണൂർ സ്വദേശികളായ ബാഹുലേയൻ പിള്ള, ശങ്കരപ്പിള്ള എന്നിവരെ ആക്രമിച്ചെന്ന കേസിലെ പ്രതികളായ വയയ്ക്കൽ വിജയൻ, പൊലിക്കോട് ബൈജു, കോട്ടുക്കൽ കാവടി മധു, വയയ്ക്കൽ അശ്വതിയിൽ ചന്തു, ആണ്ടൂർ ദീപാഭവനിൽ ദിലീപ്, കോട്ടുക്കൽ കുളത്തൂർ വീട്ടിൽ സന്തോഷ് എന്നിവരെയാണ് വെറുതെ വിട്ടത്.
2012 ജൂലായ് 27ന് രാവിലെ 9.30നായിരുന്നു സംഭവം. ബാഹുലേയൻപിള്ളയും ശങ്കരപ്പിള്ളയും സ്കൂട്ടറിൽ പോകവേ കോട്ടുക്കൽ പൊടിവട്ടം ജംഗ്ഷനിൽ വച്ച് ഏഴോളം പേർ ചേർന്ന് ഇരുവരെയും ആളുതെറ്റി ആക്രമിച്ച് ദേഹമാസകലം പരിക്കേൽപ്പിച്ചുവെന്നായിരുന്നു കേസ്. അക്രമത്തിന് ശേഷമാണ് ഇവർ യഥാർത്ഥത്തിൽ ലക്ഷ്യമിട്ടിരുന്നവർ പിന്നാലെ ബൈക്കിൽ വരുന്നത് കണ്ടത്. സംഘം പിന്നീട് അവരെയും ആക്രമിച്ചുവെന്നാണ് കുറ്റപത്രം. എന്നാൽ പ്രതികൾ കുറ്റക്കാരെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. പ്രതികൾക്ക് വേണ്ടി കൊല്ലം ബാറിലെ അഭിഭാഷകരായ പ്രതാപചന്ദ്രൻപിള്ള, ജിത്തുകൃഷ്ണൻ എന്നിവർ ഹാജരായി.