
കൊല്ലം: കടൽക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന മുണ്ടയ്ക്കൽ തീരദേശ നിവാസികളെ സന്ദർശിച്ച് കൊല്ലം ലോക്‌സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ. വീടുകളിലേക്ക് ഇന്നലെ രാത്രി കടൽവെള്ളം കയറിയതിനെത്തുടർന്ന് റോഡ് ഉപരോധിച്ച തീരദേശ നിവാസികൾ പ്രശ്നങ്ങൾ കൃഷ്ണകുമാറിനെ ധരിപ്പിച്ചു. കടൽവെള്ളം കയറിയതിനെത്തുടർന്ന് നാല് വീടുകളാണ് തകർന്നത്. ഓരോ തവണ കടൽക്ഷോഭം ഉണ്ടാകുമ്പോഴും ശുദ്ധജല സ്രോതസുകൾ മലിനമാവുകയും വീടുകൾ തകരുകയും വീട്ടുസാധനങ്ങൾ ഉപയോഗശൂന്യമാവുകയും റോഡുകൾ നശിക്കുകയും ചെയ്യുന്നു. അധികൃതർക്ക് നിരവധി തവണ പരാതിയും നിവേദനവും നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു. മുണ്ടയ്ക്കൽ തീരദേശത്തെ പ്രശ്‌നം പരിഹരിക്കാൻ കേന്ദ്ര ഫിഷറീഷ് മന്ത്രി പർഷോത്തം രൂപാലയുമായി ചർച്ച ചെയ്ത് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കൃഷ്ണകുമാർ പ്രദേശവാസികൾക്ക് ഉറപ്പു നൽകി.