
കൊല്ലം: അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്ന കാലത്ത് കേസുകൾ വാദിച്ച കൊല്ലത്തെ കോടതികളിലെ പഴയ സഹപ്രവർത്തകരുമായി വിശേഷങ്ങൾ പങ്കുവച്ച് കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ.
കൊല്ലം ബാർ അസോസിയേഷനിലെ പഴയകാല സഹപ്രവർത്തകരും പുതുതലമുറയിലെ അഭിഭാഷകരും അദ്ദേഹത്തെ സ്വീകരിച്ചു. സ്ഥാനാർത്ഥി എന്നതിലപ്പുറം അദ്ദേഹവുമായി ആശയവിനിമയം നടത്താൻ, സൗഹൃദം പുതുക്കാൻ കക്ഷി രാഷ്ട്രീയ ഭേദമന്യേ അഭിഭാഷകരും അഭിഭാഷക ഗുമസ്ഥന്മാരും കോടതി ജീവനക്കാരും എത്തി. ചെറുസംഘമായി തുടങ്ങിയ അഭിഭാഷക കൂട്ടായ്മ പെട്ടെന്ന് വൻ സംഘമായി മാറി.
മുണ്ടയ്ക്കൽ തീരം സന്ദർശിച്ചു
കടൽക്ഷോഭം അതിരൂക്ഷമായ കൊല്ലം മുണ്ടയ്ക്കൽ വെടിക്കുന്ന് പ്രദേശത്തെ തീരം സന്ദർശിച്ച പ്രേമചന്ദ്രൻ പ്രദേശം സംരക്ഷിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
പുനർഗേഹം പദ്ധതി അനുസരിച്ച് ഒഴിഞ്ഞുപോകാൻ സമ്മതിച്ചിട്ടുള്ള വീട്ടുകാർക്കുപോലും 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ഇനിയും നൽകിയിട്ടില്ല. ഗുരുതര വീഴ്ചയാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എ.എ.അസീസ്, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.