
കൊട്ടാരക്കര: കലയപുരം ആശ്രയയിലെ 'മകൾ" സൗമ്യ വരണമാല്യമണിഞ്ഞപ്പോൾ അനുഗ്രഹിക്കാൻ ഓടിയെത്തിയത് ഒരു നാട് മുഴുവൻ. വയനാട് കണിയാൻപറ്റ പച്ചിലക്കാട് സ്വദേശി ധനീഷ് നാരായണനാണ് സൗമ്യയെ ചേർത്തുപിടിച്ചത്.
ഇരുപത് വർഷം മുമ്പ് ആറാം വയസിൽ അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് സൗമ്യ ആശ്രയയിലെത്തിയത്. തിരികെ വരാമെന്ന് പറഞ്ഞുപോയ അമ്മയെ കാണാതായതോടെ ആ കുഞ്ഞുമനസ് സങ്കടക്കടലായി. ഇതോടെ കലയപുരം ജോസും ഭാര്യ മിനി ജോസും അവൾക്ക് മാതാപിതാക്കളായി.
സൗമ്യയ്ക്ക് സുന്ദരമായ ബാല്യകാലം സമ്മാനിച്ച ആശ്രയ അവളുടെ ആഗ്രഹങ്ങൾക്കൊപ്പം നടന്നു. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ സൗമ്യ ആശ്രയ സങ്കേതത്തിൽ കൗൺസിലറായി ജോലി നോക്കുന്നതിനിടെയാണ് വയനാട്ടിൽ നിന്ന് ധനീഷിന്റെ വിവാഹാലോചന വരുന്നതും ഉറപ്പിക്കുന്നതും. സിംഗപ്പൂരിലാണ് ധനീഷ് ജോലി ചെയ്യുന്നത്.
മന്ത്രി കെ.എൻ.ബാലഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എം.പി, വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത്ത് കുമാർ, കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ.രമേശ്, ഡെപ്യൂട്ടി ചെയർപേഴ്സൺ വനജ രാജീവ്, മേലില ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ, ജില്ലാ പഞ്ചായത്ത് അംഗം ആർ.രശ്മി, മൈലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു.ജി.നാഥ്, എൻ.ഡി.എ സ്ഥാനാർത്ഥി ബൈജു കലാശാല തുടങ്ങി നൂറുകണക്കിന് ജനപ്രതിനിധികളും പൊതുജനങ്ങളും സൗമ്യയെ അനുഗ്രഹിക്കാൻ എത്തിയിരുന്നു.