കുളത്തൂപ്പുഴ : മുറ്റത്ത് കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ കാട്ടുപന്നികൾ കൂട്ടം തെറ്റിയെത്തി വീടിന്റെ ഗേറ്റ് തകർത്തു. കുളത്തൂപ്പുഴ അമ്പലം വാർഡിൽ ഇരട്ടവള്ളക്കടവിന് സമീപം ചെമ്പനഴികത്ത് വീട്ടിൽ അബ്ദുൽ ഷുക്കൂറിന്റെ വീടിന്റെ ഗേറ്റാണ് കാട്ടുപന്നിക്കൂട്ടം ഇടിച്ചു തകർത്തത്.
കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വീട്ടുകാർ നോക്കി നിൽക്കെയാണ് കൂട്ടം തെറ്റിയെത്തിയ കാട്ടുപന്നികൾ സിമന്റ് തൂണിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഗേറ്റിൽ ശക്തമായി വന്നിടിച്ച് കുടുങ്ങിയത്. രക്ഷപ്പെടാനുള്ള പരിശ്രമത്തിനിടയിൽ തൂണുകളും ഗേറ്റും തകർത്തു.
തീറ്റതേടി ജനവാസ മേഖലയിലെത്തിയ കാട്ടു പന്നികൂട്ടം കൃഷിയിടത്തിൽ തമ്പടിക്കുകയും പിന്നീട് കാട്ടിനുള്ളിലേക്ക് കടക്കാനുള്ള തത്രപ്പാടിൽ ഗേറ്റിൽ കുടുങ്ങിയാതാണെന്നുമാണ് വീട്ടുകാർ പറയുന്നത്.
കാട്ടുമൃഗങ്ങൾ കടക്കാതിരിക്കാൻ തകര ഷീറ്റുകൊണ്ട് പുരയിടത്തിനു ചുറ്റും സംരക്ഷണ വേലി സ്ഥാപിച്ചാണ് വീട്ടുകാർ കൃഷി പരിപാലിച്ച് വരുന്നത്.