കൊല്ലം: കള്ളക്കടൽ പ്രതിഭാസം മൂലം ഞായറാഴ്ച രാവിലെ മുതൽ കടൽലേറ്റം രൂക്ഷമായ മുണ്ടയ്ക്കൽ വെടിക്കുന്ന് തീരത്ത് ആശങ്കയൊഴിയുന്നില്ല. ഇന്നലെയും ശക്തമായ തിരമാലകളാണ് പ്രദേശത്തുണ്ടായത്. രാവിലെ മുതൽ ശക്തമായ തിരമാലയിൽ പല വീടുകളിലേക്കും വെള്ളം ഇരച്ചുകയറി. കഴിഞ്ഞ ദിവസം തകർന്നതിന് 30 മീറ്റർ സമീപത്തുള്ള 25 ഓളം വീടുകളാണ് അപകടാവസ്ഥയിലുള്ളത്. പല വീടുകളുടെയും അടിവാരം ഒലിച്ചുപോകുന്ന നിലയിലാണ്.
വെള്ളം കയറിയ വീട്ടിലെ സാധനങ്ങൾ വാരിക്കൂട്ടി അയൽ വീടുകളിലേക്കും സമീപപ്രദേശങ്ങളിലേക്കും ഓടുന്ന കാഴ്ചയായിരുന്നു എങ്ങും. ഒരു മാസത്തിനിടയിൽ 25ൽ അധികം വീടുകളാണ് ഈ ഭാഗത്ത് തകർന്നത്. പ്രദേശത്തെ റോഡുകൾ, അങ്കണവാടികൾ, കടകൾ, മത്സ്യബന്ധന യാനങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ പറ്റി.