aa
കമ്മിഷണർ ഓഫീസ് ആർ.ഒ.ബിയുടെ തുടക്കത്തിലെ സിഗ്നൽ ഇല്ലാത്ത ഡിവൈഡർ

 തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആർ.ഒ.ബിയുടെ റീ ടാറിംഗും

കൊല്ലം: കൊല്ലം കമ്മിഷണർ ഓഫീസ് കാവനാട്- മേവറം പാതയുമായി ചേരുന്ന ഭാഗത്തെ ഗതാഗത കൺഫ്യൂഷൻ ഒഴിവാക്കാൻ വൈകാതെ ട്രാഫിക് സിഗ്നൽ സ്ഥാപിക്കും. അടുത്തിടെ കളക്ടർ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനമായത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ടെണ്ടർ നടപടികൾ പൂർത്തിയാക്കി ആർ.ഒ.ബിയുടെ ടാറിംഗും നടത്തും.

കളക്ടർ, കമ്മിഷണർ എന്നിവർക്ക് പുറമേ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത് കഴിഞ്ഞമാസം ചേർന്ന യോഗത്തിലാണ് ആർ.ഒ.ബി തുടങ്ങുന്ന ഭാഗത്ത് സിഗ്നൽ ലൈറ്റ് സ്ഥാപിക്കാൻ ധാരണയായത്. ഇതിന് മുന്നോടിയായി നാട്പാക്കിനെ നിയോഗിച്ച് ഗതാഗത പഠനം നടത്തും. ആർ.ഒ.ബിയിലെ തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തി സ്ഥിരമായി തെളിയിക്കാനുള്ള നിർദ്ദേശം കോർപ്പറേഷന് നൽകാനും യോഗം തീരുമാനിച്ചു.

ടാറിംഗിന് 41 ലക്ഷം

ആർ.ഒ.ബിയിലെ ടാറിംഗ് അതിവേഗം ഇളകിപ്പോകുന്ന സാഹചര്യത്തിൽ കൂടുതൽ കനത്തിൽ ടാർ ചെയ്യാൻ 41 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഈ തുകയ്ക്ക് പ്രവൃത്തി അടുത്തിടെ ടെണ്ടർ ചെയ്തെങ്കിലും ആരും ഏറ്റെടുത്തില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം ഒഴിവാകുന്നതിന് പിന്നാലെ പ്രവൃത്തി റീ ടെണ്ടർ ചെയ്ത ടാറിംഗ് നടത്തും.

ഒറ്റയാൾ പോരാട്ടവുമായി

ഗണേഷ് ഷാജി

മുണ്ടയ്ക്കൽ സ്വദേശിയായ പൊതുപ്രവർത്തകൻ ഗണേഷ് ഷാജിയുടെ ഒറ്റയാൻ പോരാട്ടത്തിന്റെ കൂടി ഫലമായാണ് ആർ.ഒ.ബിക്ക് മുന്നിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കാനും റീ ടാറിംഗിനും തീരുമാനമായത്. ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് വിവിധ ആർ.ഒ.ബികളിൽ നടന്നിട്ടുള്ള അപകടങ്ങളുടെ വിവരങ്ങൾ ഗണേഷ് സമാഹരിച്ചു. ഈ രേഖകൾ സഹിതം ഏറ്റവും കൂടുതൽ അപകടങ്ങൾ സമീപകാലത്ത് നടന്നത് കമ്മിഷണർ ഓഫീസ് മേല്പാലത്തിന് മുകളിലാണെന്ന് ജില്ലാ ഭരണകൂടത്തെയും പൊതുമരാമത്ത് വകുപ്പിനെയും ഗണേഷ് ഷാജി നിവേദനങ്ങളിലൂടെ ബോധിപ്പിച്ചതിന് പിന്നാലെയാണ് കളക്ടർ യോഗം വിളിച്ചത്. കമ്മിഷണർ ഓഫീസ് ആർ.ഒ.ബിക്ക് മുന്നിലെ കൺഫ്യൂഷനും ആർ.ഒ.ബിയിലെ ടാറിംഗ് തകർന്ന് ഗതാഗതം ദുസഹമായതും ചൂണ്ടിക്കാട്ടി കേരളകൗമുദിയും പലതവണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

നഗരത്തിലെ ആർ.ഒ.ബികൾ,​ അപകടങ്ങളുടെ എണ്ണം, മരണം, പരിക്ക് എന്ന ക്രമത്തിൽ
( 2019 ഫെബ്രുവരി 4 മുതൽ 2024 ഫെബ്രുവരി 4 വരെ)

 കമ്മിഷണർ ഓഫീസ്- 23, 6, 22

 ചിന്നക്കട- 5, 0, 5

 ചെമ്മാംമുക്ക്- 16,1,18

 കല്ലുന്താഴം- 3,0,3

 കരിക്കോട്- 1,1,0